വാഷിങ്ടണ്‍; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ മോദി  നല്‍കിയ പിന്തുണയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. 

To advertise here,

സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഇക്കാര്യം ട്രംപ് പങ്കുവെക്കുകയും ചെയ്തു. എൻ്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോൾ ഒരു മികച്ച ഫോൺ സംഭാഷണം നടത്തി. ഞാൻ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. - ട്രംപ് കുറിച്ചു.

പിന്നാലെ ട്രംപിന്റെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു. എൻ്റെ 75-ാം ജന്മദിനത്തിൽ ഫോൺ വിളിച്ചതിനും ഊഷ്മളമായ ആശംസകൾ നേർന്നതിനും എൻ്റെ സുഹൃത്തായ പ്രസിഡൻ്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ ഞാനും ഇന്ത്യയും യുഎസ്സും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പൂർണ്ണമായി പ്രതിജ്ഞാബദ്ധനാണ്. - മോദി കുറിച്ചു. 

തുടരുന്ന യുക്രൈൻ സംഘർഷത്തിൽ ട്രംപിൻ്റെ സമാധാന ശ്രമങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണയും അറിയിച്ചു. യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ ഒരു പരിഹാരം കാണാൻ നിങ്ങൾ‌ മുൻകൈയെടുത്തതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. - മോദി കുറിച്ചു.