മനാമ: ദീപാവലിയുടെ തിളക്കവും ആവേശവും ആകാശത്തേക്കും എത്തിക്കുകയാണ് എമിറേറ്റ്‌സ്. പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളും ആഘോഷപൂർണമായ ഭക്ഷണാനുഭവങ്ങളും വിനോദപരിപാടികളും ഒരുക്കിയാണ് എമിറേറ്റ്‌സ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്.

To advertise here,

നവംബർ 7, 8 തീയതികളിൽ ദുബായിൽ നിന്ന് അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, തിരുവനന്തപുരം, കൊൽക്കത്ത, മുംബൈ എന്നീ ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് എല്ലാ ക്ലാസുകളിലും പ്രത്യേക ദീപാവലി മധുരപലഹാരങ്ങൾ ആസ്വദിക്കാം. തിരഞ്ഞെടുത്ത എമിറേറ്റ്‌സ് ലോഞ്ചുകളിലും ഈ അവസരത്തോടനുബന്ധിച്ച് വിവിധ ഇന്ത്യൻ വിഭവങ്ങൾ വിളമ്പും.

ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന എമിറേറ്റ്‌സ് യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങൾ ആസ്വദിക്കാം. പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ചൂടുള്ള ഭക്ഷണത്തോടൊപ്പം ‘മോത്തിച്ചൂർ ലഡ്ഡു’ ലഭിക്കും. കടലമാവ് കൊണ്ട് തയ്യാറാക്കി പഞ്ചസാര ലായനിയിൽ മുക്കിയ ഈ ലഡ്ഡുവിൽ ഏലക്കയുടെയും കുങ്കുമപ്പൂവിന്റെയും സുഗന്ധവും പിസ്തയുടെ രുചിയും ചേരുന്നു.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ‘കാജു പിസ്ത റോൾ’ ആസ്വദിക്കാം. കശുവണ്ടി, പിസ്ത, ഉണങ്ങിയ പഴങ്ങൾ, നട്‌സ് എന്നിവ റോസ് ഫ്‌ളേവറിൽ ചേർത്ത് തയ്യാറാക്കുന്ന ഈ മധുരപലഹാരം ഭക്ഷ്യയോഗ്യമായ വെള്ളിത്തകിട് പൊതിഞ്ഞാണ് വിളമ്പുന്നത്.

ടെലിവിഷൻ പരിപാടികൾ ഇഷ്ടപ്പെടുന്നവർക്കായി ‘പ്രീതം ആൻഡ് പെഡ്രോ’, ‘ലൂട്ടേരി ദുൽഹൻ’, ‘ക്രൈം പട്രോൾ – 26 ജുർമ്, 26 കേസസ്’ തുടങ്ങി 14 ഇന്ത്യൻ ടിവി പരിപാടികൾ എമിറേറ്റ്‌സിന്റെ ‘ഐസ്’ സംവിധാനത്തിലുണ്ട്. സംഗീതപ്രേമികൾക്ക് 40-ഓളം ഇന്ത്യൻ ആൽബങ്ങളും പ്ലേലിസ്റ്റുകളും ആസ്വദിക്കാം. ദീപാവലിയുടെ സംഗീതവിരുന്നും ആഘോഷാന്തരീക്ഷവും ആകാശമധ്യത്തിലും എത്തിക്കുന്നതാണ് ഈ ഒരുക്കങ്ങൾ.