ന്യൂഡൽഹി: ഒബിസി സംവരണം വെട്ടിക്കുറച്ച് മുസ്ലിങ്ങൾക്ക് സംവരണം നൽകാൻ ചിലർ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ശിൽപികൾ തള്ളിക്കളഞ്ഞ അജണ്ടയാണ് അവർ മുന്നോട്ടുവെക്കുന്നത്. 'ഒബിസി സംവരണം കുറയ്ക്കാനും മുസ്ലിം സംവരണം കൊണ്ടുവരാനും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടി ആഗ്രഹിക്കുന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാർട്ടിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

To advertise here,

പാർലമെന്റിൽ പ്രതിപക്ഷം തടസ്സവാദങ്ങൾ ഉന്നയിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷം 'വിരോധ് പക്ഷം'എന്നതിലുപരി 'അവരോധ് പക്ഷം' ആയി മാറിയെന്ന് തോന്നുന്നുവെന്നും, ജനാധിപത്യ പ്രക്രിയകൾ തടസ്സപ്പെടുത്തുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് പകരമാകില്ലെന്നും അദ്ദേഹം കുറിച്ചു.

ഈ വർഷം ആദ്യം പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതും പ്രധാനമന്ത്രി ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ബിൽ പാസാക്കാൻ പ്രതിപക്ഷ പാർട്ടി അനുവദിച്ചില്ലെന്നും ഭരണഘടനാ മൂല്യങ്ങളോട് അവഹേളനം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ 'നാരി ശക്തി'ക്ക് നീതി ഉറപ്പാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തങ്ങളെ തടയാനാകില്ലെന്നും മോദി ഉറപ്പുനൽകി. മണ്ഡല പുനർനിർണയത്തോടൊപ്പം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 2026-ലെ ഭരണഘടനാ ബിൽ പരാജയപ്പെട്ടിരുന്നു. സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നതിനെ പ്രതിപക്ഷ നേതാക്കൾ എതിർത്തിരുന്നു. ഈ നീക്കത്തെ 'രാഷ്ട്രീയ അധികാരമാറ്റം' എന്നും 'രാഷ്ട്രീയ നോട്ട് നിരോധനം' എന്നുമാണ് കോൺഗ്രസ് എംപി ശശി തരൂർ വിശേഷിപ്പിച്ചത്.

അഞ്ച് പതിറ്റാണ്ടോളം ഇന്ത്യ ഭരിക്കാൻ അവസരം ലഭിച്ചവർ ഭരണഘടനയെ ദുർബലപ്പെടുത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ആർട്ടിക്കിൾ 356 ആവർത്തിച്ച് ദുരുപയോഗം ചെയ്തു. ഒരു പാർട്ടി ഇത് ഏകദേശം നൂറ് തവണ പ്രയോഗിച്ചെന്നും ഒരു മുൻ പ്രധാനമന്ത്രി ഇക്കാര്യത്തിൽ അർദ്ധസെഞ്ച്വറി തികച്ചെന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370, 35A എന്നിവ 70 വർഷത്തിലേറെയായി ജമ്മു കശ്മീരിന് സമ്പൂർണ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുകയും 2019 വരെ പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ ചവിട്ടിമെതിക്കുകയും ചെയ്തുവെന്നും മോദി ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ വർഷം മാവോയിസ്റ്റുകളുടെ അന്ത്യം കുറിക്കാൻ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും, ആദിവാസി പൗരന്മാർക്ക് ഇപ്പോൾ ഭയമില്ലാതെ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കാലഘട്ടത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്ന് ഏറെ അകന്നുനിൽക്കുന്നവരും രാജ്യത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നവരുമായ 'ദിമാഗി നക്‌സലുകളെ' കരുതിയിരിക്കണമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഭരണഘടന നമ്മുടെ ജീവിതയാത്രയുടെ അവിഭാജ്യ ഘടകമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, തന്റെ സാധാരണമായ ബാല്യകാലം അനുസ്മരിക്കുകയും ഒരാളുടെ ജനനസാഹചര്യങ്ങൾ അയാളുടെ ഭാവിയുടെ അതിരുകൾ നിശ്ചയിക്കുന്നില്ലെന്ന് എഴുതുകയും ചെയ്തു. രാജേന്ദ്ര പ്രസാദ്, അംബേദ്കർ, ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങൾ എന്നിവർക്ക് ആദരമർപ്പിച്ച അദ്ദേഹം, പൗരന്മാരുമായുള്ള ഭരണഘടനയുടെ ബന്ധം ആഴത്തിലാക്കുന്നതിനാണ് ഒരു പതിറ്റാണ്ട് മുൻപ് തന്റെ സർക്കാർ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ തുടങ്ങിയതെന്നും വ്യക്തമാക്കി.