കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിൽ വോട്ടർ പട്ടിക പരിഷ്‌കരണത്തെ (SIR) തുടർന്ന് പിതാവിന്റെ പേര് ഒഴിവാക്കപ്പെട്ടതോടെ നവജാത ശിശുവിന് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടതായി റിപ്പോർട്ട്. മകളുടെ ജനന സർട്ടിഫിക്കറ്റിനായി രണ്ട് മാസത്തിലേറെയായി കാത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. മകളുടെ ജനന രജിസ്‌ട്രേഷന് ആവശ്യമായ റസിഡൻസി സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ വിസമ്മതിച്ചതായി കുഞ്ഞിന്റെ പിതാവ് അബ്ദുൾ ഹബീബ് പറഞ്ഞു.
അമ്മ വോട്ടർ പട്ടികയിലുണ്ടായിട്ടും കുടുംബത്തിന്റെ പക്കൽ ആവശ്യമായ മറ്റ് രേഖകൾ ഉണ്ടായിട്ടും സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവം പ്രാദേശികമായി രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. വിഷയത്തിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (BDO) വിഷയത്തിൽ അന്വേഷണം നടത്തും.
എസ്‌ഐആർ നടപടികൾക്കിടെ അബ്ദുൾ ഹബീബിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതാണ് ജനന രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സെപ്റ്റംബർ എട്ടിന് ദിൻഹതയിലെ സർക്കാർ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ ഭാര്യ അമീന ഖാതൂൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുടുംബത്തിന് ഇതുവരെ കുഞ്ഞിന്റെ ഔദ്യോഗിക ജനന രേഖ ലഭിച്ചിട്ടില്ല.
സർട്ടിഫിക്കറ്റിനായി പ്രാദേശിക പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് ഹബീബ് പറയുന്നു. വോട്ടർ പട്ടിക പരിഷ്‌കരണവും വോട്ടർ പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതുമാണ് സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചായത്തിൽ നിലവിൽ പ്രധാൻ (പഞ്ചായത്ത് പ്രസിഡന്റ്) ഇല്ലാത്തതും നടപടികൾ കൂടുതൽ സങ്കീർണമാക്കി.
പ്രാദേശിക എം.എൽ.എ.യെ സമീപിക്കാൻ അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ ഓഫീസുകൾ പലതവണ കയറിയിറങ്ങിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. തന്റെ വോട്ടർ പട്ടികയിലെ അവസ്ഥ മകളുടെ ജനന രജിസ്‌ട്രേഷനെ ബാധിക്കുന്നതിനെയാണ് ഹബീബ് ചോദ്യംചെയ്യുന്നത്.
ഭാര്യ ഇപ്പോഴും രജിസ്റ്റർ ചെയ്ത വോട്ടറാണെന്നും മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റുകളും പിതാവിന്റെ പേരുള്ള 2002-ലെ വോട്ടർ പട്ടികയും ഉൾപ്പെടെയുള്ള രേഖകൾ കുടുംബത്തിന്റെ പക്കലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (ബി.ഡി.ഒ) ലഹാമു വൈ വാംഗ്ഡി അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഈ സംഭവം ബംഗാളിൽ വലിയ രാഷ്ട്രീയ പ്രശ്‌നങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റിയതിനെതിരെ ഹബീബ് ട്രിബ്യൂണലിനെ സമീപിക്കണമെന്ന് കൂച്ച് ബെഹാറിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഭിജിത് ബർമൻ പറഞ്ഞു.
നിയമപ്രകാരം തന്നെ ജനന സർട്ടിഫിക്കറ്റ് നൽകുമെന്നും ഉചിതമായ നിയമനടപടികളിലൂടെ വിഷയം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 'അദ്ദേഹം ഒരു യഥാർത്ഥ വോട്ടറാണെങ്കിൽ, അദ്ദേഹത്തിന്റെ പേര് തീർച്ചയായും പട്ടികയിൽ വരും. അദ്ദേഹം ട്രിബ്യൂണലിനെ സമീപിച്ച് അപ്പീൽ നൽകണം. അദ്ദേഹം ഇവിടെയുള്ള യഥാർത്ഥ നിവാസിയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ല.' ബർമൻ പറഞ്ഞു.
അതേസമയം, എസ്.ഐ.ആർ. നടപടികൾ യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിനാണ് ഇടയാക്കിയതെന്നും ഇത് അവശ്യരേഖകൾ ലഭിക്കുന്നതിൽ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും കൂച്ച് ബെഹാർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിശ്വജിത് സർക്കാർ ആരോപിച്ചു. ഹബീബ് പ്രാദേശിക മുസ്ലിം രാജ്ബൻഷി സമൂഹത്തിൽ പെട്ടയാളാണെന്നും ഈ പ്രദേശത്തെ നിവാസിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യഥാർത്ഥ പൗരന്മാരെ കുടിയേറ്റക്കാരോ അനധികൃതമായി കടന്നുകയറിയവരോ ആയി തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'എസ്.ഐ.ആർ. നടപടികൾക്കിടെ യഥാർത്ഥ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തത് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. അത്തരം ആളുകൾക്ക് ജനിക്കുന്ന കുട്ടികൾക്ക് ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽപോലും തടസങ്ങൾ നേരിടുന്നു. കൂച്ച് ബെഹാറിലെ പ്രധാന വിഷയമാണിത്, യഥാർത്ഥ പൗരന്മാരുടെ പേരുകൾ പുനഃസ്ഥാപിക്കുന്നത് വരെ ഞങ്ങൾ പ്രക്ഷോഭം തുടരും.' സർക്കാർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുനാൽ ഘോഷും നിലവിലെ സാഹചര്യത്തെ വിമർശിച്ച് രംഗത്തെത്തി. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിതാവിന്റെ രേഖകളിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിൽ അത് കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷനെ ബാധിക്കാൻ അനുവദിക്കാതെ തികഞ്ഞ ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കൂച്ച് ബെഹാറിൽ സംഭവിച്ചത് ഗുരുതരമായ പ്രശ്‌നമാണ്. ജനിച്ചുവീണ ഒരു കുഞ്ഞിന്റെ കാര്യത്തിലാണ് ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നും സമാനമായ പരാതികൾ ഉയർന്നുവരുന്നുണ്ട്. പൗരന്മാർ പീഡിപ്പിക്കപ്പെടുന്നതിനാൽ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഇത് ഗൗരവമായി കാണണം, ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്.' ഘോഷ് പറഞ്ഞു.
Content Highlights: A newborn in Cooch Behar, West Bengal, was denied a birth certificate due to the father's name being removed from the voter list during a revision process, despite the mother being a registered voter and possessing necessary documents. The incident has sparked significant local protests and political controversy, with various political parties, including BJP, Congress, and Trinamool Congress, expressing their positions and calling for investigations. The Block Development Officer has promised an investigation, and political leaders have urged the family to appeal to a tribunal, highlighting broader issues with the voter list revision process affecting genuine citizens.
Published: 26 Nov 2026, 10:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented