പേരറിവാളിന്റെ അമ്മ അര്‍പുതമ്മാളിന്റെ ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ ഫലപ്രാപ്തി. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പേരറിവാളന്‍ മോചിതനായി. കേസില്‍ 1991-ല്‍ അറസ്റ്റിലാകുമ്പോള്‍ 19 വയസായിരുന്നു പേരറിവാളന്റെ പ്രായം. യൗവനത്തിന്റെ നല്ലൊരു ഭാഗവും ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍ പ്രായം 50 പിന്നിടുമ്പോഴാണ് ഒടുവില്‍ ജയില്‍ മോചിതനായി പുറത്തിറങ്ങുന്നത്. 

To advertise here,

1991 മേയ് 21-ന് ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പേരറിവാളനെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബെല്‍റ്റ് ബോംബ് നിര്‍മിക്കാനുള്ള ഒമ്പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. 

അന്ന് രാജ്യത്തെ ഏറ്റവും സുപ്രധാനമായ കേസില്‍ എട്ട് വര്‍ഷത്തിനകം പേരറിവാളന്‍ ഉള്‍പ്പെടെയുള്ളയുള്ള 26 പ്രതികളെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ശിക്ഷ ഇളവുചെയ്യുന്നതിന് പേരറിവാളന്‍ നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമറിയാന്‍ 2011 -വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വരുത്തിയ കാലതാമസം പരിഗണിച്ച് 2014-ല്‍ സുപ്രീം കോടതി പേരറിവാളന്റെയും മറ്റു രണ്ടു പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. ഇതോടെ  14 വര്‍ഷത്തെ നല്ലനടപ്പ് പരിഗണിച്ച് ജീവപര്യന്ത തടവുകാരുടെ ശിക്ഷ ഇളവു ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014-ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളന്‍ അടക്കം ഏഴു പേരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സുപ്രീം കോടതി ഇത് തടഞ്ഞു. പിന്നീട് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. 

ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പിന്‍ബലത്തില്‍ 2018-ല്‍ ഏഴു തടവുകാരെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രണ്ടര വര്‍ഷത്തോളം വൈകിയ ഗവര്‍ണര്‍ അവസാനം ശുപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയതില്‍ സുപ്രീം കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

2017-ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ നിര്‍ണായക വെളിപ്പെടുത്തലുകളാണ് കേസില്‍ പേരറിവാളന്റെ ജയില്‍മോചനത്തിലേക്ക് വഴിവച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ബാറ്ററികള്‍ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോള്‍ പേരറിവാളന് അറിയില്ലായിരുന്നുവെന്ന് ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചോദ്യംചെയ്യലിനിടെ ഇക്കാര്യം പേരറിവാളന്‍ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍, പ്രതിയുടെ കുറ്റസമ്മതമൊഴിയെ ഇത് ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ താന്‍ മനപ്പൂര്‍വ്വം രേഖകളില്‍നിന്ന് ആ മൊഴി ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തല്‍. ഇത് തമിഴ്നാട്ടിലാകമാനം പേരറിവാളന് അനുകൂലമായ ഒരു വികാരമുണ്ടാകാന്‍ കാരണമായി. 

ചെയ്യാത്ത കുറ്റത്തിന് യൗവ്വനം മുഴുവന്‍ ജയിലില്‍ കിടന്ന പേരറിവാളനെ മോചിതനാക്കണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. പല ഘട്ടങ്ങളിലായി കേസിലെ ഏഴ് പ്രതികളുടേയും മോചനം തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രിസഭാ തീരുമാനമായി തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇതിനിടയില്‍ ഗവര്‍ണര്‍ മാറുകയും പുതിയ ഗവര്‍ണറോട് ഡി.എം.കെ. സര്‍ക്കാര്‍ ശുപാര്‍ശ ആവര്‍ത്തിക്കുകയും ചെയ്തു. എന്നാൽ, ആവശ്യം പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചതും ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച് കോടതി ഒടുവില്‍ മോചനത്തിന് ഉത്തരവിട്ടതും. 

അധികാരമേറ്റതിന് പിന്നാലെ പുതിയ ഡി.എം.കെ. സര്‍ക്കാര്‍ ആരോഗ്യകാരണങ്ങളുടെ പേരില്‍ പേരറിവാളന് 30 ദിവസം പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലാവധി അവസാനിക്കുമ്പോള്‍ ഒരോ തവണയും നീട്ടിനല്‍കി. ശിക്ഷാകാലയളവില്‍ ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബി.സി.എ., എം.സി.എ. ബിരുദങ്ങളും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. 

നാള്‍വഴി

1991 മേയ് 21 - രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. 
1991 ജൂണ്‍ - ചെന്നൈയില്‍ നിന്ന് പേരറിവാളനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. 
1998 ജനുവരി 28- ടാഡാ കോടതി പേരറിവാളനും 25 പേര്‍ക്കുമെതിരെ വധശിക്ഷ വിധിച്ചു. 
1999 മേയ് - സുപ്രീം കോടതി ശിക്ഷ ശരിവച്ചു.
2011- ദയാഹര്‍ജി രാഷ്ട്രപതി തള്ളി
2014 ഫെബ്രുവരി 18 - വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. 
2014 - ജയലളിത സര്‍ക്കാര്‍ പേരറിവാളനെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചു
2015 - പേരറിവാളന്‍ വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചു. 
2016 - തമിഴ്‌നാട് സര്‍ക്കാര്‍ ഏഴ് പേരുടെ മോചനത്തിനായി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. 
2017- ഗൂഢാലോചന സംബന്ധിച്ച് പേരറിവാളിന് അറിവില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
2022 മാര്‍ച്ച് ഒമ്പത് - പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 
2022 മേയ് 18 - പേരളിവാളനെ സുപ്രീം കോടതി മോചിപ്പിച്ചു.