ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ഇന്ത്യയ്ക്ക് കൈമാറിയ സുപ്രധാന രഹസ്യരേഖകള്‍ കാണാതായതായി വെളിപ്പെടുത്തല്‍. രാജീവ് ഗാന്ധിയുടെ ജീവന്‍ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന ചില രേഖകളാണ് ഇസ്രയേല്‍ കൈമാറിയത്. എന്നാല്‍ 1991-ല്‍ രാജീവ് ഗാന്ധിയുടെ വധത്തിനുപിന്നാലെ ഈ രേഖകള്‍ അപ്രത്യക്ഷമായതായി സുരക്ഷാകാര്യവിദഗ്ധനായ നമിത് വര്‍മ പറഞ്ഞു. അന്തര്‍ദേശീയ രാഷ്ട്രീയസാഹചര്യങ്ങളും സുരക്ഷാവിഷയങ്ങളും നിരീക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന യുസാനസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നമിത് വര്‍മ ഇക്കാര്യം അറിയിച്ചത്. 

To advertise here,

"സമീപകാല ചരിത്രത്തില്‍, കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടുകള്‍ക്കിടെ, ഇസ്രയേല്‍ ഇന്ത്യയുമായി പങ്കുവെച്ച വിവരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജീവ് ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന ചില രേഖകളായിരുന്നു. ഒടുവില്‍ ആ ഭീഷണി യാഥാര്‍ഥ്യമായി. അദ്ദേഹത്തിന്റെ മരണത്തോടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. രാഷ്ട്രങ്ങള്‍ ദൈനംദിനാടിസ്ഥാനത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍ ഇസ്രയേലില്‍നിന്ന് ലഭിച്ച ആ രേഖകള്‍ മാറ്റിവെക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തു", നമിത് വര്‍മ പറഞ്ഞു.  

"ഇക്കാര്യത്തിനായി പണം നല്‍കിയതായി സൂചനയുണ്ടായിരുന്നു. 'ഗോഡ്മാന്‍' പണം നല്‍കി എന്നാണ് രേഖയിലുണ്ടായിരുന്നത്. ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്. ആ വിവരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു. അവര്‍ രാജീവ് ഗാന്ധിയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു, പക്ഷെ അന്നത്തെ സര്‍ക്കാര്‍ അത് അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മറ്റ് ഫയലുകളുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ആ രേഖകള്‍ ഞങ്ങള്‍ പുനര്‍നിര്‍മിച്ചു. പ്രസ്തുത രേഖകളുടെ പകര്‍പ്പ് ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇസ്രയേല്‍ നല്‍കിയില്ല. രാഷ്ട്രങ്ങള്‍ക്കിടയിലെ നയതന്ത്രവിവര കൈമാറ്റങ്ങളില്‍ രാഷ്ട്രീയത്തിനുള്ള സ്വാധീനം എത്ര വലുതാണെന്നുള്ളതിന് ഇതിലും വലിയ തെളിവ് ഉണ്ടാകില്ല. ആ സമയത്ത് ഒരു നിര്‍ണായകഘട്ടത്തിലായിരുന്നു ഇന്ത്യ, അന്ന് സോവിയറ്റ് യൂണിയന്‍ വിഘടിച്ചിരുന്നില്ല, യുഎസിനും സോവിയറ്റ് യൂണിയനും ഇടയില്‍ ഇന്ത്യ ഒരു സമാന്തരചാലകമായി പ്രവര്‍ത്തിക്കുകയായിരുന്നു. ആ ആശയവിനിമയത്തില്‍ രാജീവ് ഗാന്ധിയും ഭാഗമായിരുന്നു", നമിത് വര്‍മ തുടര്‍ന്നു. ആഗോള സമവാക്യങ്ങളില്‍ വ്യതിയാനം ഉണ്ടാകുന്ന അവസരങ്ങളിലോ നിലവിലെ സാഹചര്യങ്ങളില്‍ വ്യത്യാസം വരുന്ന അവസരങ്ങളിലോ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

രാഷ്ട്രങ്ങള്‍ക്കിടയിലെ വിവരകൈമാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നമിത് വര്‍മ. ആഗോള അന്തര്‍ദേശീയ രാഷ്ട്രീയവിഷയത്തിലും സുരക്ഷാകാര്യവിഷയത്തിലും വിദഗ്ധനായ നമിത് വര്‍മ സുപ്രധാന രാജ്യസുരക്ഷ-വിദേശകാര്യ വിഷയങ്ങളില്‍ സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് യുസാനസ് ഫൗണ്ടേഷന്റെ സ്ഥാപകനും ചര്‍ച്ചയുടെ അവതാരകനുമായ അഭിനവ് പാണ്ഡ്യ പരിചയപ്പെടുത്തുന്നുണ്ട്. ഓണ്‍ലൈനായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ജോസഫ് റോസെന്‍, കോബെ മിഖായേല്‍ എന്നീ രണ്ട് ഇസ്രയേലി സുരക്ഷാകാര്യവിദഗ്ധരും പങ്കെടുത്തു.