ലഖ്‌നൗ: വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. അകാസ എയര്‍ലൈന്‍സിന്റെ വാരാണസി-മുംബൈ ക്യുപി 1497 വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ജോന്‍പുര്‍ സ്വദേശിയായ സുജിത് സിങ് എന്നയാളാണ് വിമാനം റണ്‍വേയിലേക്ക് നീങ്ങവേ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

To advertise here,

വൈകുന്നേരം ആറേമുക്കാലോടെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. സുജിത്, വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാനജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയും സുജിത്തിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുക്കുകയും ചെയതു.

കൗതുകംകൊണ്ടാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് സുജിത്ത് പറഞ്ഞതായി ഫൂല്‍പുര്‍ എസ്എച്ച്ഒ പ്രവീണ്‍ കുമാര്‍ സിങ് പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ക്കു പിന്നാലെ രാത്രി ഏഴേമുക്കാലോടെയാണ് വിമാനം മുംബൈയിലേക്ക് പിന്നീട് യാത്ര തിരിച്ചത്.