
മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.), മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മേയറുടെ ഓഫീസ് എന്നിവയ്ക്ക് നേരെ ഖാലിസ്ഥാൻ നാഷണൽ ആർമി ബോംബ് ഭീഷണി മുഴക്കി. ഇമെയിൽ വഴിയാണ് ഈ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
മുംബൈയിലെ ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ 'ജൽസ' ബംഗ്ലാവ് ലക്ഷ്യമിട്ട് കാർ ബോംബ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇമെയിലിൽ മുന്നറിയിപ്പുണ്ട്. ഈ ആക്രമണത്തിനായി പ്രത്യേക സമയപരിധിയും സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ, മുംബൈ വിമാനത്താവളത്തിലും കോടതിയിലും സ്ഫോടനം നടത്താൻ പദ്ധതിയിടുന്നതായി വ്യക്തമാക്കിയതോടെ വിവിധ സ്ഥലങ്ങളിലെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു.
ഡിസംബർ 31-നകം ബച്ചനെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് വധിക്കുമെന്നാണ് സന്ദേശത്തിലെ ഭീഷണി. നവംബർ 27-ന് മുംബൈയിലെ മഹാലക്ഷ്മി സ്റ്റേഡിയത്തിൽ ആക്രമണം നടക്കുമെന്ന് സന്ദേശത്തിൽ പറയുന്നു. കൂടാതെ, മഹാലക്ഷ്മി റേസ് കോഴ്‌സ് ഏരിയയിൽ നവംബർ 27-ന് നിശ്ചയിച്ചിരുന്ന പ്രശസ്ത ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീതപരിപാടിക്കിടെ ആക്രമണം ഉണ്ടായേക്കാമെന്നും ഇമെയിലിൽ പറയുന്നുണ്ട്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മുംബൈ പോലീസും സുരക്ഷാ ഏജൻസികളും ജാഗ്രത ശക്തമാക്കുകയും സന്ദേശത്തിൽ പറഞ്ഞ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങളും ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും ഭീഷണി സന്ദേശത്തിൽ ഉൾപ്പെടുന്നു. ഇമെയിലിന്റെ വിശ്വസനീയതയും സത്യാവസ്ഥയും സ്ഥിരീകരിക്കുന്നതിനായി അധികൃതർ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Mumbai authorities tightened security across multiple prominent locations, including actor Amitabh Bachchan's residence and the international airport, following an email bomb threat attributed to the Khalistan National Army.
Published: 12 Nov 2026, 08:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented