ന്യൂസ്ഡെസ്ക്: പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും പ്രൊറോഗ് ചെയ്യാതെ തിങ്കളാഴ്ചത്തേക്ക്‌ 88 ദിവസം. ഇത്രയുംകാലം ഒരു സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം ചെയ്യാതിരിക്കുന്നത് റെക്കോഡാണ്. ഇതിന് ഒരുകാരണവും സർക്കാർ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമല്ലാതെ മറ്റാർക്കും ഇതിന്റെപിന്നിലെ ലക്ഷ്യത്തേക്കുറിച്ച് കാര്യമായ ഗ്രാഹ്യമില്ല. ഒരിക്കൽ ലോക്‌സഭയിൽ പരാജയപ്പെട്ട മണ്ഡലപുനർനിർണയത്തിനുള്ള വനിതാസംവരണ ഭേദഗതിബിൽ പാസാക്കിയെടുക്കാൻ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കലാണ് വർഷകാല സമ്മേളനം പ്രൊറോഗ് ചെയ്യാതിരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ നിരയിൽ ഭിന്നിപ്പുണ്ടാക്കി ഭരണഘടനാ ഭേദഗതിക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം തികയ്ക്കാമെന്നും അവർ കരുതി.

To advertise here,

എന്നാൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കാനുള്ള ഇന്ത്യസഖ്യ പ്രക്ഷോഭം കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇന്ത്യസഖ്യ പാർട്ടികൾ ഒറ്റക്കെട്ടാകാൻ ഇത് കാരണമായി. തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഭരണപക്ഷം കണക്കുകൂട്ടിയിരുന്ന വൈ.എസ്.ആർ. കോൺഗ്രസ് പോലുള്ള പാർട്ടികളും പ്രതിപക്ഷസഖ്യത്തോട് ഐക്യം പ്രഖ്യാപിച്ചു. ഇനി ശൈത്യകാല സമ്മേളനത്തിനുമുൻപ്‌ പ്രത്യേക സമ്മേളനത്തിലൂടെ വിവാദ ബില്ലുകൾ പാസാക്കാനുള്ള സാധ്യത തുലോം വിരളമാണ്.

വർഷകാല സമ്മേളനം ഓഗസ്റ്റ് 13-നാണ് പിരിഞ്ഞത്. സഭ പിരിഞ്ഞശേഷം അത് പ്രൊറോഗ് ചെയ്യുന്നതിന്റെ സമയപരിധി രണ്ടുമുതൽ നാലുദിവസംവരെയാണ്. എന്നാൽ, 2015-ലെ വർഷകാല സമ്മേളനത്തിൽ അത് 28 ദിവസമാണെന്നും പറയുന്നു.

പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് എഴുതിയ കത്തിൽ 2008-ലെ വർഷകാല സമ്മേളനം പ്രൊറോഗ് ചെയ്യുന്നതിൽ 87 ദിവസത്തെ കാലതാമസം ഉണ്ടായതായി അവകാശപ്പെട്ടു. മന്ത്രിയുടെ അവകാശവാദം കണക്കിലെടുത്താൽത്തന്നെ തിങ്കളാഴ്ച ആ സമയപരിധിയും കഴിഞ്ഞു.

‘2008-ൽ നിന്ന് വിഭിന്നമായി ഇപ്പോൾ സമ്മേളനം പ്രൊറോഗ് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നതിന് ഒരു ലക്ഷ്യമേയുള്ളു. മണ്ഡലപുനഃസംഘടനയ്ക്കുള്ള വിനാശകരമായ ബില്ലിന് കളങ്കിത ഭൂരിപക്ഷം തരപ്പെടുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമയംനൽകുക എന്നതുമാത്രം.’ - എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ്‌ എക്‌സിൽ കുറിച്ചു.