കോഴിക്കോട്: രാഷ്ട്രീയനേതാവും എഴുത്തുകാരനും 'മാതൃഭൂമി' ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ ദേശീയ പുരസ്കാരം അപ്പികോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പാണ്ഡുരംഗ ഹെഗ്ഡേക്ക്. പ്രകൃതിക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഹെഗ്ഡേയുടെ പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് മാതൃഭൂമി ചെയർമാനും  മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറും അറിയിച്ചു. പ്രൊഫ എം.കെ. സാനു, ജയറാം രമേഷ്, വന്ദന ശിവ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ കണ്ടെത്തിയത്.

To advertise here,

പരിസ്ഥിതി, തത്ത്വചിന്ത, സാഹിത്യം, രാഷ്ട്രീയം, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തനം എന്നീ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഫലകവും സാക്ഷ്യപത്രവും അഞ്ചുലക്ഷം രൂപയുമടങ്ങുന്ന 'എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് അവാർഡ്' എന്ന ഈ പുരസ്കാരം അദ്ദേഹത്തിന്റെ ഓർമ്മദിവസമായ മെയ് 28-ന് സമ്മാനിക്കും.

പ്രകൃതിയോടുള്ള ഇഷ്ടവും ബഹുമാനവുമാണ് പാണ്ഡുരംഗ ഹെഗ്ഡേയെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കു അടുപ്പിച്ചത്. പരിസ്ഥിതി പ്രവർത്തനം കേവലം അലങ്കാരമല്ല, ജീവിതയാത തന്നെയാണ് അദ്ദേഹത്തിന്. ആ യാത്ര അത്ര എളുപ്പമുള്ളതായിരുന്നുമില്ല. ജയവും പരാജയവും തിരിച്ചടികളും കണ്ടു; അനുഭവിച്ചു. എങ്കിലും യാത്ര വളരെ ആകർഷണീയമായിരുന്നു.

ഉത്തര കർണാടകത്തിൽ, തേക്കുതോട്ടങ്ങൾക്കായി മറ്റുമരങ്ങൾ വെട്ടുന്നതിലുള്ള പ്രതിഷേധമായാണ് അപ്പികോ പ്രസ്ഥാനം രൂപപ്പെട്ടത്. കരാറുകാർ മരംമുറിക്കാനെത്തിയപ്പോൾ ഗ്രാമീണർ ഹെഗ്ഡേയുടെ നേതൃത്വത്തിൽ മരങ്ങളെ ആലിംഗനം ചെയ്ത് നിന്ന് സംരക്ഷിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അപ്പികോ എന്ന കന്നഡ പദത്തിന്റെ അർഥം ആലിംഗനം ചെയ്യുക എന്നാണ്. ഈ പ്രതിഷേധത്തിന്റെ ഫലമായി സർക്കാർ നയം മാറ്റാൻ നിർബന്ധിതരായി. അക്കാലത്ത് ഹെഗ്ഡേ, യൂക്കാലിപ്റ്റസ് പ്ലാന്റേഷന് എതിരായുള്ള സമരത്തിന്റെ ഭാഗമായി വയനാട്ടിലുമെത്തി.

ഉത്തര കന്നഡ ജില്ലയിലാണ് ഹെഗ്ഡേ ജനിച്ചത്. കർണാടക് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ഡൽഹിയിൽ ചാർട്ടഡ് അക്കൗണ്ടന്റായിരുന്നു അദ്ദേഹം. അതുപേക്ഷിച്ച് പ്രകൃതി സംരക്ഷണത്തിനായി സ്വയം സമർപ്പിക്കുകയായിരുന്നു. ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ പഠിക്കുമ്പോഴാണ് ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ സുന്ദർലാൽ ബഹുഗുണയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിൽ നിന്നും ചിപ്കോ പ്രസ്ഥാനത്തിൽ നിന്നും അമൃതദേവി ബിഷ്ണോയിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രകൃതി, വനസംരക്ഷണയത്നങ്ങളിൽ ഹെഗ്ഡേ പങ്കാളിയാകുന്നത്.

placeholder
മാതൃഭൂമി സന്ദർശിച്ച പാണ്ഡുരംഗ ഹെഗ്ഡെ എം.പി.വീരേന്ദ്രകുമാറിനൊപ്പം. ഫോട്ടോ: കെ.കെ.പ്രവീൺ

ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ പരിശീലനത്തിനു ശേഷം അദ്ദേഹം നാലു വർഷം മധ്യപ്രദേശിലെ ദാമോയിൽ ഗ്രാമീണർക്കിടയിൽ താമസിച്ച് പ്രവർത്തിച്ചു. പിന്നീട് സ്വന്തം നാടായ ഉത്തര കന്നഡ ജില്ലയിലെ സിർസിയിൽ തിരിച്ചെത്തി. വനനശീകരണത്തിനെതിരെ പൊരുതി. വനവാസികളും വനത്തിനു സമീപം താമസിക്കുന്നവരുമായ ആദിവാസികളുടെ ജീവിതത്തനിമ നിലനിർത്താനും അശ്രാന്ത പരിശ്രമം നടത്തി. തേനീച്ച വളർത്തൽ, ജൈവകൃഷി, തദ്ദേശീയമായ വിത്തുകളുടെ സംരക്ഷണവും പ്രചാരണവും, മരങ്ങളുടെ വിവേകപൂർണമായ ഉപയോഗം തുടങ്ങിയ കാമ്പയിനുകളിലൂടെ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി. ഉത്തര കന്നഡയിൽ പ്രാദേശികമായ 160 നെല്ലിനങ്ങളും 80 ചക്കയിനങ്ങളും സംരക്ഷിക്കുകയും കർഷകർ അവ കൃഷി ചെയ്യാനാരംഭിക്കുകയും ചെയ്തു. തേൻ ഫെസ്റ്റിവലുകളിലൂടെ പുതുതലമുറ കർഷകരെ തദ്ദേശീയമായ തേനീച്ചയിനങ്ങളെ വളർത്താൻ പ്രോത്സാഹിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ആദിവാസികളുടെ പരമ്പരാഗത അറിവുകളെ പ്രയോജനപ്പെടുത്തുന്നതിൽ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അശോക' എന്ന സംഘടനയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 'ചിപ്കോ ആൻഡ് ആപ്പിക്കോ: ഹൗ ദി പീപ്പിൾ സേവ് ദി ട്രീസ്'എന്ന ഗ്രന്ഥത്തിന്റെ രചിയിതാവാണ്. 2016 നവംബറിൽ അദ്ദേഹം മാതൃഭൂമി സന്ദർശിച്ചിരുന്നു.

കർണാടകയിലെ കൈഗ ആണവനിലയത്തിന്റെ അപകട സാധ്യതയും അണക്കെട്ടുകളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും അദ്ദേഹത്തെ ആശങ്കപ്പെടുത്തി. അവ ജനങ്ങളുമായി പങ്കുവച്ചു. 'സേവ് വെസ്റ്റേൺ ഗാട്ട്' കാമ്പയിനിൽ പങ്കാളിയായ അദ്ദേഹം, വർഷങ്ങളായി പശ്ചിമഘട്ടത്തിലെ ജൈവ വിവിധ്യത്തെക്കുറിച്ച് പഠിക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഒരിക്കൽ അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു: 'മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ജൈവമേഖലയാണ് പശ്ചിമഘട്ടം. ഇവിടെ ജീവിക്കുന്ന ആനക്കോ കടുവക്കോ സംസ്ഥാനങ്ങളുടെ അതിർത്തി അറിയണമെന്നില്ല. ആവാസ വ്യവസ്ഥയെ എന്തെങ്കിലും ബാധിക്കുമ്പോഴാണ് അവ കാടിറങ്ങുന്നത്. അപ്പോഴാണ് അവ മനുഷ്യന് ഭീഷണിയാവുന്നത്. എല്ലാവരും പരിസ്ഥിതി പ്രവർത്തകരാകണമെന്നല്ല, പകരം പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ചെറുചുവടുകളുടെ ഭാഗമായാൽ മതി. പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുമ്പോഴും ഓരോ തുള്ളി വെള്ളം സംരക്ഷിക്കുമ്പോഴും നിങ്ങൾ പരിസ്ഥിതിയെ കാക്കുന്നവരുടെ പട്ടികയിലാണ്.'