പനജി: അങ്ങനെ ബ്രെന്‍ഡന്‍ വാലന്റൈന്‍ ക്രാസ്റ്റോ എന്ന പാകിസ്താന്‍ സ്വദേശിയുടെ 19 കൊല്ലത്തെ കാത്തിരിപ്പ് അവസാനിച്ചു. ഇന്ത്യന്‍ പൗരത്വം അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്ക തിങ്കളാഴ്ച ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തില്‍നിന്ന് ആ നാല്‍പത്തിനാലുകാരന്‍ ഏറ്റുവാങ്ങി. പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഇന്ത്യന്‍ പൗരത്വം  ലഭിക്കുന്ന ഗോവ സംസ്ഥാനത്തിലെ മൂന്നാമത്തെ വ്യക്തിയായി ക്രാസ്‌റ്റോ. 

To advertise here,

ഇന്ത്യന്‍ വനിതയെ വിവാഹം കഴിച്ചതോടെ അന്‍ജുനയില്‍ താമസിച്ചുവരികയാണ് ക്രാസ്‌റ്റോ. ക്രാസ്‌റ്റോയ്ക്ക് ഗോവയില്‍ കുടുംബവേരുകളുണ്ട്. കുടുംബാംഗങ്ങളോടൊപ്പമെത്തിയാണ് ക്രാസ്‌റ്റോ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. സെക്രട്ടേറിയറ്റിലായിരുന്നു പരിപാടി. ക്രാസ്റ്റോയില്‍നിന്ന് അപേക്ഷ ലഭിച്ചതിനെ തുടര്‍ന്നാണ് പൗരത്വം അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.  

ഇന്ത്യക്കാരിയായ മെറിലിന്‍ ഫെര്‍ണാണ്ടസിനെ 2014-ലാണ് ക്രാസ്റ്റോ വിവാഹം കഴിച്ചതെന്നും 2006 ഡിസംബര്‍ രണ്ട് മുതല്‍ ക്രാസ്‌റ്റോ തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ചുവരികയാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. 1955-ലെ പൗരത്വ നിയമപ്രകാരവും 2019-ലെ പൗരത്വ ഭേദഗതി നയമപ്രകാരവുമുള്ള എല്ലാ വ്യവസ്ഥകളും ക്രാസ്റ്റോ പാലിക്കുന്നതായും അതിനാല്‍ പൗരത്വം അനുവദിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2014 ഡിസംബര്‍ 31-ന് മുന്‍പ് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധമതം, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ മതവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അവകാശമുണ്ടായിരിക്കുമെന്ന പൗരത്വ ഭേദഗതി നിയമം, 2019 വ്യവസ്ഥ അനുസരിച്ചാണ് ക്രാസ്റ്റോയ്ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചിട്ടുള്ളത്.