ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്പോർട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ നിയമപ്രകാരം പാസ്‌പോർട്ട് എന്നത് പ്രധാനമായും ഒരു രാജ്യാന്തര യാത്രാരേഖ മാത്രമാണ്. അന്താരാഷ്ട്ര യാത്രകൾക്കായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാരേഖ. അത് പൗരത്വത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും നിയമപരമായി പൗരത്വം തെളിയിക്കുന്ന സമ്പൂർണ്ണ രേഖയല്ല.
പാസ്‌പോർട്ടും ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും പൗരത്വം കൃത്യമായി തെളിയിക്കുന്നില്ലെങ്കിൽ, യഥാർത്ഥത്തിൽ പൗരത്വം തെളിയിക്കുന്ന രേഖ ഏതാണ്? ഏതെങ്കിലും ഒരു കാർഡല്ല ഇതിനുള്ള മറുപടി; മറിച്ച് 1955-ലെ പൗരത്വ നിയമവുമായി നേരിട്ട് ബന്ധപ്പെട്ട ചില നിയമാനുസൃത സർട്ടിഫിക്കറ്റുകളും മാതാപിതാക്കളുടെ പൗരത്വ രേഖകളും അടങ്ങിയ കൃത്യമായ ഒരു സംവിധാനമാണത്.
നിലവിലെ നിയമവ്യവസ്ഥയനുസരിച്ച്, ഏതാനും ചില രേഖകൾ മാത്രമാണ് ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നത്. 1955-ലെ പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകൾ പ്രകാരം ആഭ്യന്തര മന്ത്രാലയം നേരിട്ട് നൽകുന്ന ‘നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റ്’ അല്ലെങ്കിൽ ‘രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്’ ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ, നിയമപരമായ നടപടിക്രമങ്ങളിലൂടെ പൗരത്വം നേടിയ വിദേശികൾക്കോ ഇന്ത്യൻ വംശജർക്കോ ആണ് ഈ സർട്ടിഫിക്കറ്റു നൽകുന്നത്.
ജനനം കൊണ്ട് ഇന്ത്യക്കാരായ ഭൂരിഭാഗം പേർക്കും ജനന സർട്ടിഫിക്കറ്റാണ് പൗരത്വം തെളിയിക്കുന്ന അടിസ്ഥാന രേഖ. എന്നാൽ, നിയമപരമായ ചില നിബന്ധനകൾ ഇതിനുണ്ട്. ഇന്ത്യയിലെ പൗരത്വ നിയമങ്ങളിൽ കാലാനുസൃതമായി മാറ്റങ്ങൾ വന്നിട്ടുള്ളതിനാൽ, ജനന സർട്ടിഫിക്കറ്റിന്റെ സാധുത ജനിച്ച വർഷത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
- 1950 ജനുവരി 26-നും 1987 ജൂലായ് ഒന്നിനും ഇടയിൽ ഇന്ത്യയിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും. മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെ, ഇന്ത്യൻ മണ്ണിൽ ജനിച്ചു എന്നത് മാത്രമാണ് അക്കാലത്ത് പൗരത്വത്തിനുള്ള അടിസ്ഥാനം.
- 1987 ജൂലായ് ഒന്നിനും 2004 ഡിസംബർ മൂന്നിനും ഇടയിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം ജനനസമയത്ത് മാതാപിതാക്കളിൽ ഒരാൾ ഇന്ത്യക്കാരായിരുന്നു എന്ന് തെളിയിക്കുന്ന രേഖ കൂടി ആവശ്യമാണ്.
- 2004 ഡിസംബർ മൂന്നിന് ശേഷം ജനിച്ചവർക്ക്, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യക്കാരാണെന്നോ അല്ലെങ്കിൽ ഒരാൾ ഇന്ത്യക്കാരനും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരനല്ലെന്ന് തെളിയിക്കുന്ന രേഖയോ ഹാജരാക്കേണ്ടതുണ്ട്.
Content Highlights: The Ministry of External Affairs has clarified that an Indian passport is primarily a travel document rather than definitive proof of citizenship, emphasizing that individuals must rely on specific legal documents, such as birth certificates or naturalization certificates, as defined by the Citizenship Act of 1955.
Published: 25 Jun 2026, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented