പാസ്പോർട്ട് ഇന്ത്യൻ പൗരത്വത്തിന്റെ തെളിവല്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പ്രസ്താവിച്ചത് വലിയ വിവാദവും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുന്നു. സാങ്കേതികമായി ഈ പ്രസ്താവനയിൽ തെറ്റില്ല എന്നു വാദിക്കുന്നവരുണ്ട്. 1967-ലെ പാസ്‌പോർട്ട് നിയമത്തിലെ 20-ാം വകുപ്പുപ്രകാരം ചില സവിശേഷസാഹചര്യങ്ങളിൽ, പൊതുതാത്പര്യം മുൻനിർത്തി ഇന്ത്യൻ പൗരത്വമില്ലാത്ത ആൾക്കും പാസ്പോർട്ട് അനുവദിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്. ഇത് പൊതുവ്യവസ്ഥകൾക്കുള്ള അപവാദം (exception) ആണ്.
ഈ വകുപ്പാണ് മന്ത്രാലയവക്താവിന്റെ പ്രസ്താവനയുടെ അടിസ്ഥാനം എന്നു കരുതാൻ ന്യായമില്ല. 20-ാം വകുപ്പ് അതി വിരളമായിമാത്രം കേന്ദ്രസർക്കാർ പ്രയോഗിക്കുന്ന അധികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിൽ അനുവദിക്കുന്ന പാസ്പോർട്ടുകളിൽ വളരെ ചെറിയ ശതമാനംമാത്രമേ ഈ ഗണത്തിൽ വരൂ. ഇന്ത്യൻ പൗരത്വത്തിന്റെ സുപ്രധാന തെളിവായിത്തന്നെയാണ് ഇന്നാട്ടുകാർ പാസ്പോർട്ടിനെ ഉപയോഗിക്കുന്നതും ലോകരാജ്യങ്ങൾ അതിനെ കണക്കിലെടുക്കുന്നതും. ഈ പശ്ചാത്തലത്തിൽ 20-ാം വകുപ്പുകാരം പൗരർ അല്ലാത്തവർക്ക് നൽകുന്ന പാസ്പോർട്ടുകൾ ഒഴിച്ച് മറ്റെല്ലാ പാസ്പോർട്ടുകളും പൗരത്വത്തിനുള്ള തെളിവാണ് എന്ന് വ്യക്തമാക്കുകയാണ് വക്താവ് ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴത്തെ നിഷേധാത്മകമായ പ്രസ്താവന സൃഷ്ടിച്ച അസുഖകരമായ അവസ്ഥ അങ്ങനെ ഒഴിവാക്കാമായിരുന്നു.
ആശങ്കയുടെ കാരണം
വോട്ടർപട്ടികയുടെ ‘തീവ്രപരിഷ്കരണ’ത്തിന്റെയും അതുവഴി ഉണ്ടായ വോട്ടുനിഷേധത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ പൗരത്വം കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയമായ താത്പര്യങ്ങളുടെ പേരിൽ ചോദ്യം ചെയ്യുന്ന സാഹചര്യം ഇന്നുണ്ട്. ആധാർ പൗരത്വത്തിനുള്ള തെളിവല്ല എന്ന് കേന്ദ്രസർക്കാരും സുപ്രീംകോടതിയും സമീപകാലത്ത് ആവർത്തിച്ച് വ്യക്തമാക്കിയതാണല്ലോ. എന്നാൽ, കണിശമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം നൽകുന്ന പാസ്പോർട്ട് തികച്ചും വ്യത്യസ്തമായ പരിഗണനയർഹിക്കുന്നതാണ്.
ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽനിന്നും പുറത്താക്കാനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകമ്മിഷന്റെകൂടി നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ കുപ്രസിദ്ധമാണല്ലോ. ഇന്ത്യക്കാരുടെ പൗരത്വത്തെക്കൂടി ചോദ്യംചെയ്തുകൊണ്ടാണ് ഈ ബഹിഷ്കരണപരിപാടി അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് മന്ത്രാലയവക്താവിന്റെ പ്രസ്താവന വൻതോതിലുള്ള ആശങ്കയ്ക്ക് കാരണമായത്.
1955-ലെ പൗരത്വനിയമത്തിൽത്തന്നെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച് കണിശവ്യവസ്ഥകളാണുള്ളത്. ജനനം, പാരമ്പര്യം, രജിസ്‌ട്രേഷൻ, പൗരീകരണം എന്നിവയാണ് പൗരത്വം നേടാനുള്ള വഴികൾ എന്ന് നിയമം പറയുന്നു. ഈ രാജ്യംവിട്ട് മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്ന ഒരാൾക്ക് പൗരത്വം നൽകേണ്ട ആവശ്യമില്ലെങ്കിലും ഇവിടെയുള്ള പൗരരെ ജാതിയുടെയോ മതത്തിന്റെയോ മറ്റോപേരിൽ വേർതിരിച്ചുകാണാനാവില്ല എന്ന് അല്ലഡി കൃഷ്ണസ്വാമി അയ്യർ ഭരണഘടനാ നിർമാണസഭയിൽ നടത്തിയ പ്രസംഗം (1949) ഇവിടെ ഓർമ്മിക്കാവുന്നതാണ്. ഈ സമീപനം തന്നെയാണ് 1955-ലെ നിയമത്തിലും വ്യക്തമാകുന്നത്.
ഇരട്ടപൗരത്വം
എന്നാൽ, ഇരട്ടപൗരത്വം (dual citizenship) ഇന്ത്യൻ നിയമപ്രകാരം അനുവദനീയമല്ല. ഭരണഘടനയിലെ 9-ാം അനുച്ഛേദമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നയാൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും. പൗരത്വനിയമത്തിലെ 9-ാം വകുപ്പും ഇക്കാര്യം പറയുന്നു. ഭരണഘടനയിലെ 5, 6, 8 അനുച്ഛേദങ്ങളും പൗരത്വംസംബന്ധിച്ച് കണിശസമീപനമാണ് കൈക്കൊള്ളുന്നത്.
ഇങ്ങനെ ഇരട്ട പൗരത്വത്തിന് വിലക്കേർപ്പെടുത്തുന്ന ചില വ്യവസ്ഥകൾ അല്ലെങ്കിൽ സമാനവ്യവസ്ഥകൾ മറ്റുപലരാജ്യങ്ങളിലും ഉണ്ട്. അമേരിക്കയിലെ 1940-ലെ ദേശീയതാനിയമം (Nationality Act) ഉദാഹരണമാണ്. ശ്രദ്ധിക്കേണ്ട വസ്തുത, മറ്റു രാജ്യങ്ങളിൽ വോട്ടവകാശമുള്ള അമേരിക്കൻപൗരരുടെ പൗരത്വം എടുത്തുകളയണമെന്ന ഈ നിയമത്തിലെ വ്യവസ്ഥ അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി എന്നതാണ്. 2023-ൽ ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതിയും ആ രാജ്യത്തെ പൗരത്വനിയമത്തിലെ ഇരട്ടപൗരത്വത്തിനെതിരായ വ്യവസ്ഥ റദ്ദാക്കുകയുണ്ടായി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിശാല കാൻവാസിലാണ് ഇത്തരം നീതിന്യായ ഇടപെടലുകൾ ഉണ്ടായത്.
എന്നാൽ, ഇന്ത്യൻ ഭരണഘടനയിലെയും പൗരത്വനിയമത്തിലെയും കണിശവ്യവസ്ഥകൾ അഭംഗുരം തുടരുകയാണ്. ഇരട്ടപൗരത്വം അനുവദിക്കുന്നതിന് ഇന്ത്യയിൽ രാഷ്ട്രീയവും ചരിത്രപരവുമായ തടസ്സങ്ങളുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്. അതെന്തായാലും പൗരത്വം സംബന്ധിച്ച വ്യവസ്ഥാപിതമായ ചില ധാരണകൾ നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലയാണ്.
അമിതാധികാരത്തിന്റെ സ്വരം
ഈ പശ്ചാത്തലത്തിൽ പാസ്‌പോർട്ട് പൗരത്വരേഖയല്ല എന്ന മന്ത്രാലയ വക്താവിന്റെ പ്രസ്താവനയെ അമിതാധികാരത്തിന്റെ സമകാലികരാഷ്ട്രീയസ്വരമായി ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാകില്ല. 2013-ൽ പാസ്പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞത് നിയമവിരുദ്ധമായ കടന്നുകയറ്റത്തിന്റെ സവിശേഷ പശ്ചാത്തലത്തിലാണ്. അതിനെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി പൊതുനിയമമായി അവതരിപ്പിക്കുന്നത് ശരിയല്ല.
2009-ലെ പൗരത്വചട്ടങ്ങളനുസരിച്ച് ഇന്ത്യൻ പൗരത്വം സ്വാഭാവികമായ രീതിയിൽ തെളിയിക്കാവുന്നതാണ്. സാധാരണ സാഹചര്യങ്ങളിലും സന്ദർഭങ്ങളിലുമെല്ലാം ജനനസർട്ടിഫിക്കറ്റ്, വാസസ്ഥലസർട്ടിഫിക്കറ്റ്, വോട്ടർകാർഡ് എന്നിവപോലെ പാസ്പോർട്ടും പൗരത്വം തെളിയിക്കാനുള്ള അംഗീകൃതവും വ്യവസ്ഥാപിതവുമായ രേഖകളിൽപ്പെടുന്നതാണ്. ഈ ധാരണയെ അനവസരത്തിലും അകാരണമായും ചോദ്യംചെയ്തതുവഴി സർക്കാർ പൗരർക്കുനേരേ വെല്ലുവിളി നടത്തുകയാണ്. സ്വന്തം രാജ്യത്തെ പൗരരെ സംശയിക്കുന്നതും ചോദ്യംചെയ്യുന്നതും മികച്ച സർക്കാരിന്റെ ലക്ഷണമല്ല. ലോകത്തെ മുഴുവൻ രാജ്യങ്ങളിലും അംഗീകരിക്കുന്ന ഇന്ത്യൻ പാസ്പോർട്ടിന്റെ വിലയും നിലയും ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യാ ഗവൺമെന്റുതന്നെ മുന്നോട്ടുവരുന്നുവെന്നത് വിചിത്രമാണ്. അത് ഏതൊരു ഇന്ത്യക്കാരനെയും അലോസരപ്പെടുത്തേണ്ടതാണ്.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)
Content Highlights: Does an Indian passport prove citizenship? Explore the legal nuances of the 1967 Passport Act and the implications of recent government statements.
Published: 27 Jun 2026, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented