കൊൽക്കത്ത: ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള വിവിധ രേഖകൾ ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവല്ലെന്ന് കൊൽക്കത്താ ഹൈക്കോടതി. പശ്ചിമബംഗാളിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണത്തിൽ (എസ്‌ഐആർ) പേര് നീക്കം ചെയ്യപ്പെട്ട ആളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ബന്ധു നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആധാറിനും പാനിനും പുറമെ വോട്ടർ ഐഡി കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയും പൗരത്വം തെളിയിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു.

To advertise here,

സുമൻ മൊല്ല എന്നയാളുടെ ഹർജിയാണ് കൊൽക്കത്താ ഹൈക്കോടതി തള്ളിയത്. ഇദ്ദേഹത്തിന്റെ അനന്തരവനായ നാസിറിന്റെ പേര് എസ്‌ഐആറിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്. എന്നിട്ടും നാസിറിനെ ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടിയാണ് സുമൻ മൊല്ല ഹർജി സമർപ്പിച്ചത്. നാസിറിന്റെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സുമൻ മൊല്ലയ്‌ക്കോ നാസിറിനോ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ കോടതി അധികൃതരുടെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ ഐഡി കാർഡ്, ആദായനികുതി വകുപ്പ് നൽകിയ പാൻ കാർഡ്, ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയാണ് ഹർജിക്കാരൻ പൗരത്വത്തിന്റെ തെളിവായി കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഇതൊന്നും ഇന്ത്യയിലെ പൗരത്വത്തിന്റെ തെളിവല്ലെന്ന് ജസ്റ്റിസുമാരായ ദേബാങ്‌സു ബസക്, അജയ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിക്കുകയായിരുന്നു.

2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള ബാധ്യത നിറവേറ്റാൻ സുമൻ മൊല്ലയ്ക്കും നാസിറിനും കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. മേയ് രണ്ടിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലർ അനുസരിച്ച് ജൂൺ 18-നാണ് നാസിറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ 60 ദിവസമാണ് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യൻ പൗരത്വം എങ്ങനെ തെളിയിക്കാം?

ഏതെങ്കിലും ഒരു കാർഡല്ല ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖ. മറിച്ച് 1955-ലെ പൗരത്വ നിയമവുമായി നേരിട്ട് ബന്ധപ്പെട്ട ചില നിയമാനുസൃത സർട്ടിഫിക്കറ്റുകളും മാതാപിതാക്കളുടെ പൗരത്വ രേഖകളും അടങ്ങിയ ഒരു സംവിധാനമാണത്.

നിലവിലെ നിയമവ്യവസ്ഥയനുസരിച്ച്, ഏതാനും ചില രേഖകൾ മാത്രമാണ് ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നത്. 1955-ലെ പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകൾ പ്രകാരം ആഭ്യന്തര മന്ത്രാലയം നേരിട്ട് നൽകുന്ന 'നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റ്' അല്ലെങ്കിൽ 'രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്' ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ, നിയമപരമായ നടപടിക്രമങ്ങളിലൂടെ പൗരത്വം നേടിയ വിദേശികൾക്കോ ഇന്ത്യൻ വംശജർക്കോ ആണ് ഈ സർട്ടിഫിക്കറ്റു നൽകുന്നത്.

ജനനം കൊണ്ട് ഇന്ത്യക്കാരായ ഭൂരിഭാഗം പേർക്കും ജനന സർട്ടിഫിക്കറ്റാണ് പൗരത്വം തെളിയിക്കുന്ന അടിസ്ഥാന രേഖ. എന്നാൽ, നിയമപരമായ ചില നിബന്ധനകളും ഇതിനുണ്ട്.