ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാവികസേനാ ആസ്ഥനത്തുനിന്നും പാകിസ്താന്‍ ചാരനെ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ പോലീസിന്റെ ഇന്റലിജന്‍സ് വിങ്. പാകിസ്താന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയിരുന്ന ഹരിയാന സ്വദേശി വിശാല്‍ യാദവാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ സിന്ദൂറിന്റേതടക്കം നിര്‍ണായകമായ പല രഹസ്യവിവരങ്ങളും വിശാല്‍ പാകിസ്താന് കൈമാറിയിരുന്നതായാണ് വിവരം.
വര്‍ഷങ്ങളായി നാവികസേനാ ആസ്ഥാനത്ത് ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് വിശാല്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്‌ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. നാവികസേനയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മാത്രമല്ല, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു.
പണത്തിനായാണ് വിശാല്‍ പാകിസ്താനുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത് എന്ന് ഇയാളെ അറസ്റ്റുചെയ്ത രാജസ്ഥാന്‍ പോലീസിന്റെ സിഐഡി ഇന്റലിജന്‍സ് യൂണിറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഷ്ണുകാന്ത് ഗുപത് പറയുന്നു. ഐഎസ്‌ഐയുടെ പ്രവര്‍ത്തനങ്ങളെ വളരെ കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ചാരന്മാരായി ഇന്ത്യക്കാരെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് നിരീക്ഷണം കടുപ്പിച്ചത്, വിഷ്ണുകാന്ത് പറഞ്ഞു.
നിരീക്ഷണത്തില്‍, പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സി അംഗമായ ഒരു യുവതിയുമായി വിശാല്‍ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തി. പ്രിയ ശര്‍മ എന്ന പേരിലുള്ള അക്കൗണ്ടില്‍നിന്നും വിശാലുമായി രേഖകളെക്കുറിച്ചം പണമിടപാടിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ പല വിവരങ്ങളും വിശാല്‍ നല്‍കിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് അക്കൗണ്ട് വഴിയാണ് അവര്‍ വിശാലിന് പണം നല്‍കിയിരുന്നത്, വിഷ്ണുകാന്ത് പറഞ്ഞു.
ജയ്പുരിലെ സെന്‍ട്രല്‍ ഇന്ററോഗേഷന്‍ സെന്ററിലുള്ള വിശാലിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തുവരികയാണ്. പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയ്മിങില്‍ ആസക്തനായ വിശാല്‍ ഇതില്‍ സംഭവിച്ച നഷ്ടങ്ങള്‍ നികത്താനും വീണ്ടുംകളിക്കാനുള്ള പണം ലഭിക്കാനും വേണ്ടിയാണ് ചാരവൃത്തിയില്‍ ഏര്‍പ്പെട്ടത് എന്നാണ് മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ചാരവൃത്തിക്കായി ശത്രുരാജ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഇത്. ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: pakistan spy arrested from navy head quarters by rajastan police intelligence wing
Published: 26 Jun 2025, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented