മുംബൈ: സാമ്പിൾ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകിയ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)യുടെ നടപടിയിൽ പ്രതികരണവുമായി ബിസ്‌ലെരി കുടിവെള്ള കമ്പനി.
പരിശോധനകൾ നടന്നുവെന്ന് സ്ഥിരീകരിച്ച ബിസ്‌ലെരി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു നോട്ടീസും ലഭിച്ചില്ലെന്നും സ്വതന്ത്ര പരിശോധനയിൽ വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും അവകാശപ്പെട്ടു.
ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) കണ്ടെത്തലും ഉൾപ്പെടുന്ന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് FSSAI ബിസ്‌ലെരിക്കെതിരെ നടപടിക്ക് അനുമതി നൽകിയത്. കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണിവ. പ്രാഥമിക പരിശോധനയിലും തുടർന്ന് കമ്പനിയുടെ അപ്പീലിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ബിസ്‌ലെരിയുടെ വിശദീകരണം.
വിശദീകരണം ഇങ്ങനെ...
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ബിസ്ലെരിക്ക് നോട്ടീസ് നൽകിയെന്ന മാധ്യമ വാർത്തകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏകദേശം 14 മാസം മുമ്പ്, അതായത് 2025 സെപ്റ്റംബറിൽ, ഞങ്ങളുടെ ശൃംഖലയിലുള്ള 143 പ്ലാന്റുകളിൽ ഒന്നായ ഗോവയിലെ ബിസ്ലെരി നിർമാണ യൂണിറ്റിൽ ഉൽപ്പാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. 2025 സെപ്റ്റംബർ 30-ന്, ഗോവയിലെ യൂണിറ്റിൽ നിന്ന് FSSAI ആറ് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അഞ്ച് സാമ്പിളുകൾ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതായി കണ്ടെത്തി. എന്നാൽ ആറാമത്തെ സാമ്പിളിൽ ബ്രോമേറ്റിന്റെ അളവ് ലിറ്ററിന് 12 മൈക്രോഗ്രാം ആണെന്ന് കണ്ടെത്തി, അനുവദനീയമായ പരിധി ലിറ്ററിന് 10 മൈക്രോഗ്രാം ആണ്. 2025 നവംബർ 22-ന് ബിസ്ലെരി നൽകിയ അപ്പീലിനെത്തുടർന്ന്, FSSAI ഈ സാമ്പിൾ പുനഃപരിശോധനയ്ക്കായി ഒരു റഫറൽ ലബോറട്ടറിയിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി. അതേസമയം, സാമ്പിളിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) ഉള്ളതായും അവർ ചൂണ്ടിക്കാട്ടി. ഈ രണ്ട് പരിശോധനാ ഫലങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ബിസ്ലെരിക്ക് തോന്നി. തുടർന്ന്, FSSAI അംഗീകാരമുള്ള മറ്റൊരു ലബോറട്ടറിയിൽ ഇതേ സാമ്പിൾ സ്വതന്ത്രമായി പരിശോധിക്കാൻ ബിസ്ലെരി ഏർപ്പാട് ചെയ്തു. ആ പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി.
2026 ഫെബ്രുവരി രണ്ടിലെ ഔദ്യോഗിക കത്തിനോടൊപ്പം, സ്വതന്ത്ര പരിശോധനാ ഫലങ്ങൾ ഞങ്ങൾ FSSAI-യുടെ വെസ്റ്റേൺ റീജിയണൽ ഓഫീസിൽ സമർപ്പിച്ചു. അതിനുശേഷം FSSAIയിൽ നിന്ന് യാതൊരു വിവരവും ലഭിക്കാത്തതിനാൽ, ഈ വിഷയം അവിടെ അവസാനിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. ഇതുവരെ, ഇമെയിൽ വഴിയോ നേരിട്ടോ ബിസ്ലെരിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. കൂടാതെ, പരാമർശിക്കപ്പെട്ട അറിയിപ്പ് FSSAIയുടെ വെബ്സൈറ്റിൽ കണ്ടെത്താനും സാധിച്ചിട്ടില്ല. കുടിവെള്ളത്തിന്റെ സുരക്ഷയ്ക്ക് ബിസ്ലെരി അതീവ പ്രാധാന്യം നൽകുന്നു. ഉത്പാദന പ്രക്രിയയുടെ 10 ഘട്ടങ്ങളിലായി 90-ലധികം പരിശോധനകൾ ഉൾപ്പെടുന്ന കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. ഉചിതമായ നിയന്ത്രണ നടപടിക്രമങ്ങളിലൂടെ ഈ വിഷയം പരിഹരിക്കുന്നതിന് FSSAIയുമായി സഹകരിക്കുന്നത് ഞങ്ങൾ തുടരും' ബിസ്ലെരിയുടെ പ്രസ്താവനയിൽ പറയുന്നു.
Content Highlights: Bisleri claims water is safe based on independent lab tests., Company states no official notice has been received from FSSAI regarding the recent action., The issue is related to a single batch from the Goa plant produced in September 2025.
Published: 23 Nov 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented