ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റുവിഭജന ചർച്ച തിങ്കളാഴ്ച തുടങ്ങും. കോൺഗ്രസ് രാജ്യസഭാ എം.പി. പ്രമോദ് തിവാരിയുടെ ഡൽഹിയിലെ വസതിയിൽ രണ്ടുദിവസങ്ങളിലായാണ് ചർച്ച. ഡിസംബർ പകുതിയോടെ സീറ്റുവിഭജനം പൂർത്തിയാക്കാനാണ് ശ്രമം.

To advertise here,

കോൺഗ്രസ് ചർച്ചയ്ക്ക് പ്രിയങ്കാ ഗാന്ധി നേതൃത്വം നൽകിയേക്കും. കെ.സി. വേണുഗോപാൽ, സംസ്ഥാന ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, പി.സി.സി. പ്രസിഡന്റ് ആരാധന മിശ്ര മോണ, ഇമ്രാൻ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദർ ചൗധരി എന്നിവർ സംഘത്തിലുണ്ടാകും.

ചർച്ചകൾക്കായി നേരത്തേതന്നെ എസ്.പി. നാലംഗ സമിതിയെ പ്രഖ്യാപിച്ചിരുന്നു. ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് നയിക്കുന്ന സമിതിയിൽ സംസ്ഥാനാധ്യക്ഷൻ ശ്യാം ലാൽ പാൽ, എം.പി.മാരായ രാജീവ് റായ്, ഇഖ്‌റ ചൗധരി എന്നിവരുമുണ്ട്. സീറ്റുകാര്യത്തിൽ ഡിസംബർ 20-നകം ധാരണയിലെത്തണമെന്ന് രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവും സോണിയാ ഗാന്ധിയുടെ പുസ്തക പ്രകാശ ചടങ്ങിനിടെ അനൗദ്യോഗികമായി കണ്ടിരുന്നു. ഇരുനേതാക്കളും തയ്യാറാക്കിയ കരട് നിർദേശത്തിന്മേലാവും ചർച്ച. ‘വിജയസാധ്യത’ മാത്രം അടിസ്ഥാനമാക്കി സീറ്റുപങ്കുവെക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.

403 അംഗ നിയമസഭയിൽ 181 സീറ്റുകളിലേക്ക് കോൺഗ്രസ് അവകാശവാദമുന്നയിച്ചിരുന്നു. ഇക്കാര്യം പരസ്യമായി അഖിലേഷ് യാദവും സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ 22 സീറ്റും ഉൾപ്പെട്ട ഈ നിർദേശം എസ്.പി. അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി. തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിടുന്നു. ഇതിനു തടയിടാനുള്ള ശ്രമത്തിലാണ് എസ്.പി.-കോൺഗ്രസ് സഖ്യം.