ന്യൂഡൽഹി: പാകിസ്താൻ ഹൈക്കമ്മീഷൻ ചാരവൃത്തിക്കായി വിസ ഡെസ്‌ക് ദുരുപയോഗം ചെയ്യുന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഹരിയാണയിലെ പൽവൽ സ്വദേശിയായ വസീം അക്രം എന്ന സിവിൽ എഞ്ചിനീയറെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് അക്രമിനെ അറസ്റ്റ് ചെയ്തത്. പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ജാഫർ എന്ന മുസമ്മിൽ ഹുസൈനു വിവരങ്ങൾ കൈമാറിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കസൂറിലുള്ള ബന്ധുക്കളെ സന്ദർശിക്കാനായി പാകിസ്താനിലേക്ക് പോകുന്നതിന് വിസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് അക്രം ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയത്. തുടക്കത്തിൽ വിസ അപേക്ഷ നിരസിച്ചെങ്കിലും, അക്രം 20,000 രൂപ കൈക്കൂലി നൽകിയതിനെത്തുടർന്ന് അത് അനുവദിച്ചു. ഇതിന് ശേഷം 2022 മെയ് മാസത്തിൽ ഇയാൾ കസൂറിലേക്ക് യാത്ര ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്താനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അക്രമുമായി ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ജാഫർ വാട്ട്‌സ്ആപ്പ് വഴി ബന്ധം തുടർന്നു. കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തതിനെത്തുടർന്ന്, വിസ ഫെസിലിറ്റേഷൻ ഫണ്ടിനായി അക്രം തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ നൽകി. ഏകദേശം അഞ്ചുലക്ഷം രൂപ ഇത്തരത്തിൽ അക്രമിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നു. ഇടനിലക്കാർ വഴിയും ഇയാൾക്ക് പണം ലഭിച്ചതായി വിവരമുണ്ട്. ഇതിൽ, 1.5 ലക്ഷം രൂപ പണമായി നൽകിയതുൾപ്പെടെ 2.3 ലക്ഷം രൂപ അക്രം ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥന് കൈമാറി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഉദ്യോഗസ്ഥന് സിം കാർഡുകളും നൽകിയിരുന്നു. ഒടിപികളും ഇന്ത്യൻ സൈനികരുടെ വിവരങ്ങളും കൈമാറിയതായും അക്രമിനെതിരെ ആരോപണമുണ്ട്.
മുമ്പ് മലേർകോട്‌ലയിലും നൂഹിലും കണ്ടെത്തിയ ചാരപ്രവർത്തിക്ക് സമാനമാണ് ഹരിയാണയിലെ ഈ സംഭവവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് മലേർകോട്‌ല കേസ് പുറത്തുവന്നത്. ഡാനിഷ് എന്നറിയപ്പെട്ടിരുന്ന എഹ്സാൻ ഉർ റഹീം എന്ന പാക് ഉദ്യോഗസ്ഥൻ, വിസ വാഗ്ദാനം ചെയ്ത് പ്രദേശവാസികളെ ചാരവൃത്തിക്ക് ഉപയോഗിച്ചുവെന്നായിരുന്നു കണ്ടെത്തൽ. പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിന് പകരമായി യുപിഐ വഴി ചെറിയ തുകകൾ ഇവർക്ക് ഇയാൾ കൈമാറിയിരുന്നതായും വിവരമുണ്ട്. ട്രാവൽ ഇൻഫ്ലുവൻസർ ജ്യോതി മൽഹോത്രയ്‌ക്കെതിരായ ഉയർന്നുവന്ന ചാരവൃത്തി കേസിലും ഡാനിഷിന്റെ പേര് ഉയർന്നുവന്നിരുന്നു.
പാകിസ്താൻ ഹൈക്കമ്മീഷൻ ജീവനക്കാർ വിസ അപേക്ഷകരെ ചൂഷണം ചെയ്യുകയും അവരെ സിം കാർഡുകളും രഹസ്യാന്വേഷണ വിവരങ്ങളും നൽകാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ചാരപ്രവർത്തനത്തിനുള്ള മറയായി വിസ ഡെസ്‌കിനെ ദുരുപയോഗം ചെയ്യുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ ചാരപ്രവർത്തന ശൃംഖലയിൽ പേരുകൾ ഉയർന്നുവന്നതിനെത്തുടർന്ന് ഡാനിഷിനെയും ജാഫറിനെയും ഇന്ത്യ ‘പേഴ്സണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ചു.
Content Highlights: Civil engineer Wasim Akram arrested in Haryana for allegedly supplying data and SIM cards to Pakistan High Commission officials for espionage. Case highlights systematic abuse of visa desk.
Published: 04 Oct 2025, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented