ശ്രീനഗർ: ജമ്മു-കശ്മീരിൽ നിയന്ത്രണരേഖ മറികടന്ന് പാക് ഡ്രോണുകൾ. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അതിർത്തിയിൽ പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത്. സാംബ, പൂഞ്ച്, രജൗറി സെക്ടറുകളിലാണ് പുതിയതായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ മേഖലകളിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന.

To advertise here,

സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം കേസോ മഹാൻസൻ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയിൽ ഡ്രോൺ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാർ ഗ്രാമത്തിന് മുകളിൽ രാത്രി 7:30-ഓടെ പത്ത് മിനിറ്റോളം ഡ്രോൺ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഇതിന് തൊട്ടുപിന്നാലെ രജൗറി സെക്ടറിലും ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടു. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി പാകിസ്താൻ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തിരച്ചിലും നടക്കുന്നുണ്ട്.

പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വരുന്നതിനെതിരെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തല ചർച്ചയിൽ ഇന്ത്യ ഈ വിഷയം ഉന്നയിച്ചിരുന്നു. ഡ്രോണുകളെ നിയന്ത്രിച്ചില്ലെങ്കിൽ ഏത് തരത്തിലുള്ള പ്രകോപനങ്ങളും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.