ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഒരുവർഷം തികയുമ്പോൾ സുരക്ഷ കർശനമാക്കി സൈന്യം. രാജ്യം വിറങ്ങലിച്ച ആക്രമണം നടന്ന പ്രദേശം ഇപ്പോൾ ശാന്തമാണ്. ആക്രമണമുണ്ടായ ബൈസൺവാലി പുൽമേടുകളിൽ ഉൾപ്പെടെ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നു. നിശ്ചിത പോയിന്റുകളിലെല്ലാം സൈനിക ചെക് പോസ്റ്റുകളും വിശദപരിശോധനയുമുണ്ട്.

To advertise here,

2025 ഏപ്രിൽ 22-നാണ് ബൈസൺവാലിയിലെത്തിയ സഞ്ചാരികൾക്കുനേരേ ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ, വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ 26 പേർ മരിച്ചു. ഇതിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി തുടങ്ങിയത്. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്ക്കുശേഷമാണ് വീണ്ടും തുറന്നത്.

നടുക്കുന്ന ഓർമ്മകൾ വിട്ടുമാറിയിട്ടില്ലെങ്കിലും വിനോദസഞ്ചാരമേഖല സാധാരണനിലയിലെത്തിയെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല. പിന്നീട് കത്ര-ശ്രീനഗർ വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങിയതും അമർനാഥിലേക്ക് പുതിയ യാത്രാമാർഗം തുറന്നതുമെല്ലാം ടൂറിസത്തിന് ഉണർവ്വേകി.

അതേസമയം, ശ്രീനഗറിലെ ഇന്ദിരാഗാന്ധി ടുലിപ് പുഷ്‌പോദ്യാനത്തിലേക്കുള്ള സഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിലേറെ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. മുൻവർഷം 8.55 ലക്ഷം സന്ദർശകർ എത്തിയെങ്കിൽ ഈവർഷം വന്നത് 3.90 ലക്ഷം ആളുകൾ മാത്രം.

പരിശോധിക്കാൻ ക്യുആർ കോഡ്

പഹൽഗാം: വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി പഹൽഗാമിൽ അധികൃതർ എല്ലാ ടൂറിസം സേവനദാതാക്കൾക്കും ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ചു. കച്ചവടക്കാർ, സ്ഥാപനങ്ങൾ, കുതിരസവാരി നടത്തിപ്പുകാർ തുടങ്ങിയ സേവനദാതാക്കളെ എളുപ്പത്തിൽ തിരിച്ചറിയാനും സുരക്ഷഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും. വിനോദസഞ്ചാരികൾ അവരുടെ മൊബൈൽഫോണുകൾ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ, ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ലഭ്യമാകും.

തട്ടിപ്പ് തടയുന്നതിനും പുറത്തുനിന്നുള്ള സമൂഹവിരുദ്ധരുടെയും മറ്റും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനും രജിസ്റ്റർ ചെയ്ത ഈ തിരിച്ചറിയൽ സംവിധാനം സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.