ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ കശാപ്പുശാലകളും മാംസവില്‍പനശാലകളും അടച്ചിടണമെന്ന രാജ്യത്തെ ചില മുന്‍സിപ്പല്‍ കോര്‍പറേഷനുകളുടെ ഉത്തരവ് വിവാദത്തിലേക്ക്. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നിര്‍ദേശത്തിനെതിരേ ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. നിര്‍ദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ അദ്ദേഹം വിമര്‍ശിച്ചു.

To advertise here,

ഇന്ത്യയിലെമ്പാടുമുള്ള പല മുന്‍സിപ്പല്‍ കോര്‍പറേഷനുകളും കശാപ്പുശാലകളും മാംസവില്‍പനശാലകളും ഓഗസ്റ്റ് 15-ാം തീയതി അടച്ചിടണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനനും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ഇത് ക്രൂരവും ഭരണഘടനാവിരുദ്ധവുമാണ്. മാംസം കഴിക്കുന്നതും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? തെലങ്കാനയിലെ 99 ശതമാനം ജനങ്ങളും മാംസം കഴിക്കുന്നവരാണ്. ഈ മാംസനിരോധനം ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്‌കാരം, പോഷകാഹാരം, മതം എന്നിവയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമാണ്, ഒവൈസി എക്‌സില്‍ കുറിച്ചു. 

മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗര്‍, കല്യാണ്‍ ഡോംബിവാലി, മലേഗാവ്, നാഗ്പുര്‍ തുടങ്ങിയിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങളും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചത് വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.