കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ പ്രതിഷേധത്തില്‍ 150 പേര്‍ അറസ്റ്റില്‍. പ്രതിഷേധം ശക്തമാകുകയും കൂടുതല്‍ പേര്‍ അറസ്റ്റിലാകുകയും ചെയ്ത സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. 

To advertise here,

ബംഗാളിലെ ജനങ്ങളുടെ നേതാവാണ് മമത ബാനര്‍ജിയെന്നും ബംഗാള്‍ എങ്ങനെ ഭരിക്കണമെന്ന് അവര്‍ക്കറിയാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പ്രതികരിച്ചു. വഖഫ് ഭേദഗതിയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭേദഗതിയുടെ പേരില്‍ ജനങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള രാഷ്ട്രീയനീക്കമാണ് നടക്കുന്നതെന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് നേതാവ് മഹ്‌മൂദ് മദനി പ്രതികരിച്ചു. വഖഫ് ഭേദഗതി നിയമത്തിന് എതിരായി ഹൈദരാബാദില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസാദുദ്ദീന്‍ ഒവൈസി അറിയിച്ചു. 

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ 400 ഓളംവരുന്ന ഹിന്ദുക്കള്‍ വീടുപേക്ഷിച്ചു പോകാൻ നിർബന്ധിതരായതായി ബിജെപിയുടെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു. ആളുകള്‍ മതപരമായ പീഡനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതെന്നും സുവേന്ദു അധികാരി സാമൂഹികമാധ്യമം ആയ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

'മുര്‍ഷിദാബാദിലെ ദൂലിയാനില്‍ നിന്ന് 400 ഓളം ഹിന്ദുകള്‍ മതപരമായ പീഡനത്തെ ഭയന്ന് വീടുവിട്ടു. ഇവരെല്ലാം നദികടന്ന് പര്‍ ലാല്‍പുര്‍ ഹൈസ്‌കൂള്‍, മാല്‍ദ, ബൈസ്ണബ്‌നഗര്‍, ദേവ്‌നാപുര്‍-സോലാപുര്‍ ജിപി എന്നിവിടങ്ങളില്‍ അഭയംതേടി. ബംഗാളിലെ മതപീഡനം യാഥാര്‍ത്ഥ്യമാണ്. ഹിന്ദുകള്‍ വേട്ടയാടപ്പെടുകയാണ്. നമ്മുടെ ജനങ്ങള്‍ സ്വന്തം നാട്ടില്‍ ജീവനുവേണ്ടി ഓടുകയാണ്', സുവേന്ദു അധികാരി എക്‌സില്‍ കുറിച്ചു. 

അക്രമസംഭവങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കൊല്‍ക്കത്ത ഹൈക്കോടതി, അക്രമം രൂക്ഷമായ മേഖലകളില്‍  അര്‍ധസൈനിക സേനയെ വിന്യസിക്കാന്‍ ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അക്രമസംഭവത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മമത സര്‍ക്കാരിനോടും കേന്ദ്രത്തോടും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് വാദം കേള്‍ക്കല്‍ ഏപ്രില്‍ 17-ന് നടക്കും. ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, രാജാ ബസു ചൗധരി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയിട്ടുണ്ട്.