മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നടന്ന അട്ടിമറിയുടെ ഞെട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകർ. 'ഓപ്പറേഷൻ ടൈഗർ' എന്ന് വിശേഷിപ്പിക്കുന്ന രഹസ്യ നീക്കത്തിലൂടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) പക്ഷത്തെ ആറ് ലോക്സഭാ എംപിമാരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ തന്റെ പാളയത്തിലെത്തിച്ചിരിക്കുകയാണ്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തയ്യാറാക്കിയ ഈ പദ്ധതി, പാർലമെന്റിൽ ഡിലിമിറ്റേഷൻ ബിൽ പരാജയപ്പെട്ടതോടെയാണ് നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ നടന്ന ഈ നീക്കം ഉദ്ധവ് താക്കറെയ്ക്ക് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഭരണഘടനാപരമായ അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ശിവസേന (യുബിടി) പക്ഷത്തിനുള്ള ഒൻപത് എംപിമാരിൽ ആറ് പേരെ കൂറുമാറ്റിയാൽ മാത്രമേ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ സാധിക്കൂ. നാഗേഷ് പാട്ടീൽ അഷ്ടികർ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, ഭാവസാഹേബ് വാക്ചൗർ എന്നിവരാണ് ഷിന്ദേ പക്ഷവുമായി ആദ്യം ധാരണയിലെത്തിയവർ. കേന്ദ്രമന്ത്രി പ്രതാപ് ജാദവുമായുള്ള അടുത്ത ബന്ധമാണ് ഇവരെ മാറ്റത്തിന് പ്രേരിപ്പിച്ചത്.
പാർട്ടിക്കുള്ളിലെ അവഗണനയും ഫണ്ടുകളുടെ അഭാവവുമാണ് പല എംപിമാരെയും അതൃപ്തരാക്കിയത് എന്നാണ് വിവരം. ഉദ്ധവ് താക്കറെയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കാത്തതും മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കാത്തതും ഇവരെ ഷിന്ദേ ക്യാമ്പിലേക്ക് അടുപ്പിച്ചു. സഞ്ജയ് ജാദവാണ് ഇത്തരത്തിൽ പരസ്യമായി തന്റെ വിയോജിപ്പ് ആദ്യം പ്രകടിപ്പിച്ചത്. കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ട ജാദവ് പാർട്ടി യോഗങ്ങൾ ബഹിഷ്കരിക്കുകയും സഹപ്രവർത്തകരെ കൂറുമാറ്റാൻ സഹായിക്കുകയും ചെയ്തു.
ഏക്‌നാഥ് ഷിന്ദേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്ദേയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്. എതിർപക്ഷത്തുള്ള എംപിമാരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും അവരെ കൂടെകൂട്ടുന്നതിനുള്ള തന്ത്രങ്ങളൊരുക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. ഉദ്ധവ് താക്കറെ തന്റെ വിശ്വസ്തരായ പ്രാദേശിക നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തതും സഞ്ജയ് ജാദവിനെപ്പോലുള്ളവരെ ചൊടിപ്പിച്ചു. ഈ സാഹചര്യം മുതലെടുത്ത് ശ്രീകാന്ത് ഷിന്ദേ എംപിമാരെ ഷിന്ദേ പക്ഷത്തേക്ക് അടുപ്പിക്കുകയായിരുന്നു.
ആദ്യം വിമുഖത കാണിച്ചിരുന്ന ധാരാശിവ് എംപി ഓംരാജെ നിംബാൽക്കറെയും മുംബൈ നോർത്ത് ഈസ്റ്റ് എംപി സഞ്ജയ് ദിന പാട്ടീലിനെയും ഷിന്ദേ വ്യക്തിപരമായ ബന്ധങ്ങളിലൂടെ വശത്താക്കി. നിംബാൽക്കറുമായി മുൻപത്തെ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സൗഹൃദം ഷിന്ദേ പ്രയോജനപ്പെടുത്തി. സഞ്ജയ് ദിന പാട്ടീലിന്റെ ഭാര്യ അപകടത്തിൽപ്പെട്ടപ്പോൾ ആശുപത്രിയിൽ സന്ദർശിക്കാൻ ഷിന്ദേ കാണിച്ച താല്പര്യം അദ്ദേഹത്തെ മാറ്റത്തിന് പ്രേരിപ്പിച്ചു. പാട്ടീലിന്റെ മകൾക്ക് ഭാവിയിൽ എംഎൽഎ സീറ്റ് നൽകാമെന്ന വാഗ്ദാനവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച രാത്രിയോടെയാണ് തിരഞ്ഞെടുത്ത എംപിമാരെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. ഷിന്ദേയുടെ സ്വാധീനം സഖ്യത്തിനുള്ളിൽ വർദ്ധിക്കുന്നതിൽ ചില ബിജെപി നേതാക്കൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം ഈ പദ്ധതിയെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ ഉദ്ധവ് പക്ഷം കൂടുതൽ പ്രതിസന്ധിയിലാവുകയും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഷിന്ദേയുടെ ആധിപത്യം വർദ്ധിക്കുകയും ചെയ്തു.സഖ്യത്തിൽ വിലപേശാനുള്ള ശേഷി വർധിച്ച ഷിന്ദേയുടെ അടുത്ത നീക്കങ്ങളെന്തൊക്കെയാകുമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള ആശങ്ക.
Content Highlights: Operation Tiger as Eknath Shinde targets Shiv Sena (UBT) MPs.
Published: 19 Jun 2026, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented