
ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് വീണ്ടും കനത്ത തിരിച്ചടി. ശിവസേനയിലെ (യുബിടി) ആറ് വിമത എംപിമാർ ഏക്നാഥ് ഷിന്ദേ പക്ഷത്ത് ചേർന്ന നടപടി ലോക്സഭാ സ്പീക്കർ ഓം ബിർള അംഗീകാരിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ മാറ്റം സാധുവാക്കി സ്പീക്കർ ഉത്തരവിട്ടത്. ഏകദേശം ഒരു മാസം മുമ്പാണ് ഈ ആറ് പാർലമെന്റ് അംഗങ്ങൾ താക്കറെ പാളയം വിട്ട് ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിൽ ചേർന്നത്. ഇതോടെ ലോക്സഭയിൽ ഷിന്ദേ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയർന്നു.
ഈ ലയനം പൂർണ്ണമായും നിയമപരവും ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചുള്ളതുമാണെന്ന് ഏക്നാഥ് ഷിന്ദേ അവകാശപ്പെട്ടു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം, ഒരു നിയമസഭാ കക്ഷിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ മറ്റൊരു പാർട്ടിയുമായി ലയിക്കാൻ തീരുമാനിച്ചാൽ അത് കൂറുമാറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന വ്യവസ്ഥയാണ് ഇവിടെ പാലിക്കപ്പെട്ടതെന്ന് ഷിന്ദേ വ്യക്തമാക്കി. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് എല്ലാ നടപടികളും പൂർത്തിയാക്കിയതെന്നും സ്പീക്കറുടെ തീരുമാനം തങ്ങൾക്കനുകൂലമാകുമെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമായ രേഖകളും വീഡിയോ ദൃശ്യങ്ങളും സ്പീക്കർക്ക് സമർപ്പിക്കുകയും എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷിന്ദേ വിശദീകരിച്ചു. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്നും ആവശ്യമായ ഭൂരിപക്ഷം ഉള്ളതിനാൽ ഈ ലയനം നിയമപരമായി നിലനിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലയന നീക്കത്തെ ഉദ്ധവ് താക്കറെ പക്ഷം രാഷ്ട്രീയമായി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗം പ്രതിനിധീകരിക്കുന്നില്ലാത്തതിനാൽ ഈ പിളർപ്പിന് നിയമസാധുതയില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് മുന്നോട്ട് പോയതെന്ന ഷിന്ദേയുടെ നിലപാട് സ്പീക്കർ ശരിവെക്കുകയായിരുന്നു.
അതേസമയം, തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ട് എൻ.സി.പി.ഐയിൽ ചേർന്ന 20 എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കാനും സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്.
Content Highlights: Lok Sabha Speaker approves the merger of rebel MPs into Eknath Shinde's faction.
Published: 18 Jul 2026, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented