ന്യൂഡൽഹി: വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയ (ഡീലിമിറ്റേഷൻ) ബില്ലും പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം പാർലമെന്റിൽ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. പ്രതിപക്ഷ നിരയിലെ പാർട്ടികളെ പിളർത്തിയതിന് പിന്നാലെ എൻസിപിയിലാണിപ്പോൾ ബിജെപി കണ്ണുവെച്ചിരിക്കുന്നത്.

To advertise here,

എൻ.സി.പി രണ്ട് വിഭാഗങ്ങളും ലയിച്ച് ഒറ്റപ്പാർട്ടിയായി എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകണമെന്ന നിർദ്ദേശമാണ് ബി.ജെ.പി നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്.

രണ്ട് വിഭാഗങ്ങളും ലയിക്കാൻ തയ്യാറായാൽ, ഇരുപക്ഷത്തെയും അധികാര സമവാക്യങ്ങൾ സന്തുലിതമാക്കാൻ രണ്ട് കേന്ദ്ര കാബിനറ്റ് പദവികൾ ബി.ജെ.പി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് വിവരം. ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുനേത്ര പവാർ നേതൃത്വം നൽകുന്ന വിഭാഗത്തിനും, ശരദ് പവാറിന്റെ എൻസിപി (എസ്പി) വിഭാഗത്തിനും ഓരോ കാബിനറ്റ് പദവി വീതം ലഭിക്കും. എംപിമാരെ അടർത്തി ബിജെപിയിൽ ലയിപ്പിക്കുന്നതിനേക്കാൾ നല്ലത് എൻസിപി ഒരു കക്ഷിയായി മുന്നണിയിൽ എത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയിൽ മറാഠി, ബ്രാഹ്‌മണേതര വോട്ടുകൾ ഏകീകരിക്കാൻ എൻസിപി ഒരു പ്രത്യേക കക്ഷിയായി തുടരുന്നത് നല്ലതാകുമെന്നാണ് പ്രതീക്ഷ.

ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും, ബിജെപിയുടെ ലയന നീക്ക പദ്ധതിക്ക് ഇതുവരെ അന്തിമരൂപമായിട്ടില്ല. സുനേത്ര പവാറും പാർട്ടിയിലെ മുതിർന്ന നേതാക്കളും തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഇതിന് പ്രധാന കാരണം.

അതേസമയം മഹിളാ സംവരണ-മണ്ഡല പുനർനിർണ്ണയ ബില്ലുകളിൽ ബിജെപിക്ക് അനുകൂലമായി എൻസിപി (എസ്പി) വോട്ട് ചെയ്യുമെന്ന റിപ്പോർട്ടുകളെ നേരത്തെ ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയാ സുലെ തള്ളിയിരുന്നു.

'ഇന്ത്യ മുന്നണിയിലെ ഞങ്ങളുടെ ഘടകകക്ഷികളുമായി നടത്തിയ വിശദമായ ആഭ്യന്തര ചർച്ചകൾക്ക് ശേഷം മാത്രമാണ് ഞങ്ങളുടെ പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്.

സർക്കാർ ഭേദഗതി വരുത്തിയ പുനർനിർണയ ബിൽ പാർലമെന്റിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നത് അനുചിതമായിരിക്കും. അത്തരം ഒരു ബിൽ ഇതുവരെ ലഭ്യമല്ലാത്തതിനാൽ, അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ അതിലെ ഞങ്ങളുടെ നിലപാടിനെക്കുറിച്ചോ ഉള്ള ഏതൊരു ചർച്ചയും അനാവശ്യമാണ്' എന്നും സുപ്രിയ സുലെ പറയുകയുണ്ടായി.

അതേസമയം ലയനം സംബന്ധിച്ച് പുതിയ പ്രതികരണങ്ങളൊന്നും എൻസിപി വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ് എന്ന നിലയിലാണ് ബിജെപി രാഷ്ട്രീയ നീക്കങ്ങൾ നടത്തി വരുന്നത്.

ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന സഭയുടെ പ്രത്യേക സമ്മേളനത്തിൽ ഈ ബില്ലുകൾ പാസാക്കാനുള്ള സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. അതിനുശേഷം പ്രതിപക്ഷത്തുനിന്നും 37 ലോക്സഭാ, രാജ്യസഭാ എം.പിമാർ ഭരണപക്ഷത്തേക്ക് മാറിയിട്ടുണ്ട്.

നിലവിൽ മൂന്ന് ഒഴിവുകൾ ഉൾപ്പെടെ ലോക്സഭയുടെ ആകെ അംഗബലം 540 ആണ് (ഇതിൽ രണ്ട് പേർ ജയിലിലാണ്). മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 വോട്ടുകൾ വേണം. ഏപ്രിലിൽ 528 എം.പിമാർ വോട്ട് ചെയ്തപ്പോൾ ഭൂരിപക്ഷത്തിന് 352 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. അന്ന് സർക്കാരിന് 298 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ, പ്രതിപക്ഷത്തിന് 230 വോട്ടുകൾ ലഭിച്ചു. അന്ന് എൻ.ഡി.എയ്ക്ക് 293 എം.പിമാരുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ്, ശിവസേന (യു.ബി.ടി) എന്നിവയിലെ പിളർപ്പുകൾക്ക് ശേഷം എൻ.ഡി.എയുടെ നിലവിലെ അംഗബലം 319 ആയി ഉയർന്നിട്ടുണ്ട്.

എൻ.സി.പി (ശരദ് പവാർ വിഭാഗം) കൂടി ഈ ബില്ലിനെ പിന്തുണച്ചാൽ എൻ.ഡി.എയുടെ സംഖ്യ 327 ആയി ഉയരും. എങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 33 വോട്ടുകൾ കൂടി കുറവായിരിക്കും. കൂടുതൽ ചെറുപാർട്ടികളുടെ പിന്തുണയോടെയോ വിട്ടുനിൽക്കലിലൂടെയോ (abstention) ഈ ദൂരം മറികടക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.