ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വിജയിച്ചതിനു പിന്നാലെ, എൽ.പി.ജി.ക്ക് പകരം എഥനോൾ അധിഷ്ഠിത പാചക ഇന്ധനം അവതരിപ്പിക്കാനുള്ള ചർച്ചയിൽ കേന്ദ്രം. രാജ്യത്ത് എഥനോൾ ഉത്പാദനം വൻതോതിൽ വർധിച്ചതോടെ ഇന്ധന ആവശ്യത്തിനു പുറമേ പുതിയ വിപണികൾ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് നീക്കം. ഇതോടെ അടുക്കളയിലേക്കുകൂടി ഇനി എഥനോൾ അധിഷ്ഠിത പചാക ഇന്ധനമെത്തും.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുക എന്ന ലക്ഷ്യം (ഇ-20) ഇന്ത്യ കൈവരിച്ചതോടെ രാജ്യത്ത് എഥനോൾ ഉത്പാദന ശൃംഖല ശക്തി പ്രാപിച്ചിട്ടുണ്ട്. ഗതാഗതമേഖലയ്ക്ക് ആവശ്യമുള്ളതിലും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സാഹചര്യത്തിലാണ് ഇത് പാചക ആവശ്യങ്ങൾക്കുകൂടി പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. നിലവിലുള്ള എൽ.പി.ജി. സിലിണ്ടറുകളിൽ എഥനോൾ നേരിട്ട് ഉപയോഗിക്കാനാവില്ല. അതിനാൽ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റൗകളും ഇന്ധനം നിറയ്ക്കുന്നതിനുള്ള കണ്ടെയ്നറുകളും ഇതിനായി പുറത്തിറക്കും. എൽ.പി.ജി.യെക്കാൾ കുറഞ്ഞ ചെലവിൽ ഇത് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
എൽ.പി.ജി. വൻതോതിൽ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുക, കർഷകർക്ക് കരിമ്പ്, ചോളം തുടങ്ങിയ കൃഷികളിൽനിന്ന് കൂടുതൽ വരുമാനം ഉറപ്പാക്കുക, അധികംവരുന്ന എഥനോൾ ഫലപ്രദമായി ഉപയോഗിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ, വ്യവാസായാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അടുക്കളകൾ എന്നിവിടങ്ങളിൽ എഥനോൾ സ്റ്റൗവുകൾ കൊണ്ടുവരാനാണ് ആദ്യം ശ്രമിക്കുക. തുടർന്ന് വീടുകളിലേക്കും വ്യാപിപ്പിക്കും.
Published: 20 Jul 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented