ചെന്നൈ: നൊയ്യൽ നദി മലിനീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി വി.കെ. രാജീവ് മാധ്യങ്ങളോട് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനം. ജനങ്ങൾ ഉപയോഗിക്കുന്ന സോപ്പും ഷാംപൂവും കാരണമായിരിക്കാം തിരുപ്പൂർ ജില്ലയിലൂടെ ഒഴുകുന്ന നൊയ്യൽ നദിയിൽ അമിതമായ തോതിൽ പത കാണുന്നത് എന്ന പ്രസ്താവനയാണ് വിവാദമായത്. നദിയിൽ വർഷം മുഴുവൻ പത കാണുന്നത് സംബന്ധിച്ച് പരിസ്ഥിതിപ്രവർത്തകരും കർഷകരും ദീർഘകാലമായി പരാതിപ്പെടുന്നുണ്ട്. വ്യാവസായിക മാലിന്യങ്ങൾ കാരണമാണ് നദി മലിനപ്പെടുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

To advertise here,

പ്രസ്താവന വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. സർഫാക്റ്റന്റുകൾ, ഡിറ്റർജന്റുകൾ, ഫോസ്ഫറസ് എന്നിവ കലരുന്നതാണ് ജലാശയങ്ങളിൽ അമിതമായി പതയുണ്ടാകാനിടയാക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, വ്യാവസായിക മാലിന്യങ്ങളാണ് ഇതിനു കാരണമെന്ന വാദം തള്ളുകയും ചെയ്തു. മാലിന്യങ്ങൾ ജനങ്ങളെ ബാധിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നദിയിൽ പതയുണ്ടാകാൻ കാരണം വ്യാവസായിക മാലിന്യങ്ങളല്ല, സർഫാക്റ്റന്റുകളാണെന്ന് അടുത്തിടെ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടി.എൻ.പി.സി.ബി) വാണിയമ്പാടിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും മലിനീകരണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് അടിയന്തരമായി പരിഹരിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് പ്രസ്താവന പുറത്തിറക്കുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

മന്ത്രിയുടെ പ്രസ്താവനയെ പട്ടാളി മക്കൾ കക്ഷി (പി.എം.കെ) അധ്യക്ഷൻ അൻപുമണി രാമദാസ് രൂക്ഷമായി വിമർശിച്ചു.

“മന്ത്രി ആരുടെ താൽപര്യങ്ങളാണ് പ്രതിനിധീകരിക്കുന്നത്, ആരുടെ ശബ്ദമാണ് അദ്ദേഹം ഉയർത്തുന്നത് എന്നതിൽ ഗുരുതരമായ സംശയങ്ങൾ ഉയരുന്നു,” അൻപുമണി രാമദാസ് പറഞ്ഞു. നൊയ്യൽ നദിയിലേക്ക് തുണിത്തരങ്ങൾക്ക് നിറം നൽകുന്ന വ്യവസായശാലകളിൽനിന്നുള്ള മലിനജലം ഒഴുക്കിവിടുന്നതാണ് അമിതമായ പതയ്ക്ക് കാരണമെന്നാരോപിച്ച അദ്ദേഹം, നദികളെ സംരക്ഷിക്കാൻ വ്യക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നൊയ്യൽ നദിക്ക് കുറുകെ നിർമിച്ച ഒറത്തുപ്പാളയം അണക്കെട്ടിൽ വ്യാവസായശാലകളിലെ മലിനജലമെത്തിയിരുന്നുവെന്നും ഇതേത്തുടർന്ന് അണക്കെട്ട് തുറക്കുന്നതിനെതിരെ കർഷകർ പ്രതിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.