
തിരുവനന്തപുരം: മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ നടത്തിവരുന്ന സഹകരണവാരാഘോഷം കേന്ദ്രസർക്കാർ നിർത്തി. സഹകരണപ്രസ്ഥാനം പ്രാദേശിക-ഗ്രാമീണ വികസനത്തിന് വഴിതുറക്കുമെന്നുവാദിച്ച നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14-ന് തുടങ്ങി 20 വരെയാണ് വാരാഘോഷം. ഇത്തവണമുതൽ വാരാഘോഷം വേണ്ടെന്നുതീരുമാനിച്ച കേന്ദ്രസർക്കാർ അക്കാര്യം പരസ്യപ്പെടുത്തേണ്ടതില്ലെന്നും തീരുമാനിച്ചു.
ജൂലായ് ആദ്യശനിയാഴ്ച ലോക സഹകരണദിനമായി ആചരിക്കുന്നുണ്ട്. ഇന്ത്യയിൽമാത്രമാണ് സഹകരണ വാരാഘോഷമുള്ളത്. നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയാണ് ഇതിന് നേതൃത്വം നൽകുന്നത്.
2021 ജൂലായ് ആറിനാണ് കേന്ദ്രത്തിൽ പുതിയ സഹകരണമന്ത്രാലയം രൂപവത്കരിച്ചത്. ഈ വർഷംമുതൽ മന്ത്രാലയം രൂപവത്കരിച്ചത് അടിസ്ഥാനമാക്കി വാരാഘോഷം നടത്തിയാൽമതിയെന്നാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ദേശീയ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ജൂലായിൽ ഒരാഴ്ചത്തെ സഹകരണ ആഘോഷം സംഘടിപ്പിച്ചിരുന്നു.
സഹകരണസംഘങ്ങളൊന്നാകെ പങ്കെടുക്കുന്ന ആഘോഷമായി ഇത് മാറിയിരുന്നില്ല. ജൂലായിൽ വാരാചരണം നടന്നതിനാൽ ഇനി വേണ്ടെന്ന അനൗദ്യോഗിക മറുപടിമാത്രമാണ് ദേശീയ യൂണിയൻ നേതൃത്വത്തിൽനിന്നുണ്ടായത്. കേരളത്തിൽ ഇത്തവണയും വാരാഘോഷം നടത്താനാണ് സംസ്ഥാന സഹകരണ യൂണിയന്റെ തീരുമാനം.
നെഹ്റുവിന്റെ സ്മരണയുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികൾ വേണ്ടെന്ന കേന്ദ്രസർക്കാർ നിലപാടിന്റെ ഭാഗമായാണ് വാരാഘോഷം നിർത്തുന്നതെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ യു.ഡി.എഫ്. ഭരിക്കുന്ന കേരളത്തിൽപ്പോലും പ്രതിഷേധമൊന്നുമുയർന്നിട്ടില്ല.
Content Highlights: Central government discontinues the Nehru-linked Cooperative Week held from November 14 to 20., World Cooperative Day is observed on the first Saturday of July., A new cooperative ministry was formed in July 2021, shifting celebration focus., Kerala State Cooperative Union decides to conduct the celebrations independently this year.
Published: 29 Oct 2026, 06:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented