സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ബിൽ നിയമസഭ പാസാക്കുന്നതോടെ എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം 98000 രൂപയും മന്ത്രിമാർക്ക് 1.33 ലക്ഷവും ലഭിക്കും.
ഇത് യഥാക്രമം 70000 രൂപയും 1.08 ലക്ഷം രൂപയുമാണ് നിലവിലുള്ളത്. എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ച നടപടിയോട് വിയോജിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ രാജ്യത്ത് എംഎൽഎമാർക്ക് ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ശമ്പള വർധനവോടെ അതിൽനിന്ന് ഒരുപടി കയറും.
നിലവിൽ രാജ്യത്ത് ഝാർഖണ്ഡിലും തെലങ്കാനയിലുമാണ് എംഎൽഎമാർക്ക് ഏറ്റവുംകൂടുതൽ ശമ്പളവും ആനുകൂല്യവും ലഭിക്കുന്നത്. പ്രതിമാസ ശമ്പളത്തിന് പുറമേ മണ്ഡല അലവൻസുകളും മറ്റു ആനുകൂല്യങ്ങളും അടങ്ങുന്നതിനാൽ കണക്കുകൾ വ്യത്യസ്തപ്പെട്ടിരിക്കും. 2.88 ലക്ഷം രൂപ ഝാർഖണ്ഡിലും രണ്ടര ലക്ഷം രൂപയോളം തെലങ്കാനയിലും ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
തെലങ്കാന നിയമസഭയുടെ വെബ്‌സൈറ്റ് പ്രകാരം ഓരോ അംഗത്തിനും പ്രതിമാസം 20,000 രൂപ ശമ്പളവും, 2,30,000 രൂപ മണ്ഡലം അലവൻസും (Constituency Allowance) നൽകുന്നതാണ്. നിയമസഭാ സാമാജികർക്കുള്ള ഹോസ്റ്റലിൽ താമസസൗകര്യം ഉപയോഗപ്പെടുത്താത്ത പക്ഷം, അംഗത്തിന് പ്രതിമാസം 25,000 രൂപ താമസ അലവൻസിനും അർഹതയുണ്ട്. നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കുന്ന ദിവസങ്ങളിൽ പ്രതിദിനം 1,000 രൂപ നിരക്കിൽ ഡെയ്ലി അലവൻസ് നൽകുന്നതാണ്. തെലങ്കാനയിൽ മന്ത്രിമാർക്ക് മൂന്നര ലക്ഷം രൂപയോളം പ്രതിമാസം ലഭിക്കും.
കർണാടകത്തിലും എംഎൽഎമാർക്ക് രണ്ട് ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കും. നാഗാലാൻഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രണ്ട് ലക്ഷവും അതിന് മുകളിലുമാണ് എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും.
സിക്കിം, ത്രിപുര, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേരളത്തിൽ ലഭിക്കുന്നതിന് സമാനമായ താരതമ്യേന കുറഞ്ഞ ആനുകൂല്യം ലഭിക്കുന്നത്. തമിഴ്‌നാട്ടിൽ 1.8 ലക്ഷം രൂപയോളമാണ് എംഎൽഎമാർക്ക് ലഭിക്കുന്നത്.
ഒഡീഷയിൽ 2025ൽ എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യവും മൂന്നിരട്ടി വർധിപ്പിച്ച് 3.45 ലക്ഷം രൂപയാക്കിയിരുന്നു. ഇത് സംബന്ധിച്ച ബില്ലുകൾ നിയമസഭ പാസാക്കുകയും ചെയ്തു. എന്നാൽ വ്യാപകമായ ജനരോഷത്തെയും രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥനകളെയും തുടർന്ന്, അന്തിമ അംഗീകാരം നൽകുന്നതിന് മുമ്പ് സർക്കാരിന് ബിൽ പിൻവലിക്കേണ്ടി വന്നു.
Content Highlights: Kerala cabinet decided to increase MLA and minister salaries and allowances., MLAs will receive Rs 98,000 per month and ministers will receive Rs 1.33 lakh., Previous rates were Rs 70,000 for MLAs and Rs 1.08 lakh for ministers., Comparison of MLA salaries across various Indian states like Jharkhand, Telangana, and Karnataka.
Published: 29 Oct 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented