ലഖ്നൗ: സർക്കാർ ജോലിക്കുള്ള സ്വഭാവ പരിശോധന ചട്ടങ്ങൾ കടുപ്പിക്കാൻ ഉത്തർ പ്രദേശ് സർക്കാർ. ഭരണമാറ്റത്തിന് വേണ്ടി അക്രമാസക്തമായ നിലപാട് കൈക്കൊള്ളുന്നവർ പുറന്തള്ളപ്പെട്ടേക്കാം. ഇതുസംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഭരണകൂടത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തുന്നപക്ഷം ഉദ്യോഗാർഥികളെ സർക്കാർ ജോലികളിൽനിന്ന് വിലക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അലഹാബാദ് ഹൈക്കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി അപ്പോയിന്റ്മെന്റ് ആൻഡ് പേഴ്സണൽ ഡിപ്പാർട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി എം. ദേവരാജാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകൾ, കോർപറേഷനുകൾ, കൗൺസിലുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിങ്ങനെ നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്കാണ് സ്വഭാവ പരിശോധനാചട്ടം കർശനമാക്കുന്നത്.
അതേസമയം സർക്കാർനീക്കത്തിനെതിരേ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തി. എന്നാൽ ഒരു ഉദ്യോഗാർഥിക്കുപോലും അവർ പിന്തുടരുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അയോഗ്യത നേരിടേണ്ടിവരില്ലെന്ന് സർക്കാർ വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്നതോ അന്വേഷണം തീരുമാനാമാകാതെ കിടക്കുന്നതും അയോഗ്യതയ്ക്ക് കാരണമാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ, നിലവിലുള്ള വ്യവസ്ഥയെ അക്രമ മാർഗങ്ങളിലൂടെ മാറ്റിമറിക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമായ സംഘടനകളിൽ അംഗങ്ങളായ വ്യക്തികളെ സർക്കാർ സർവീസിലെ നിയമനങ്ങൾക്ക് അയോഗ്യരായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഉദ്യോഗാർഥിക്ക് 21 വയസ്സ് തികഞ്ഞതിനുശേഷം, പരിശോധന നടത്തുന്ന തീയതിക്ക് തൊട്ടുമുൻപുള്ള മൂന്ന് വർഷത്തിനുള്ളിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ആ വ്യക്തി ഇപ്പോഴും അത്തരം പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാണെന്നതിന് തെളിവായി കണക്കാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, അതിനുശേഷമുള്ള കാലയളവിൽ വ്യക്തിയുടെ പെരുമാറ്റത്തിൽ ഗുണകരമായ മാറ്റമുണ്ടായതായി വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചാൽ, ഈ തീരുമാനം പുനഃപരിശോധിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
സമാജ്വാദി പാർട്ടിയും കോൺഗ്രസും വിഷയത്തിൽ രൂക്ഷപ്രതികരണമാണ് നടത്തിയത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നതെന്നും എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും എസ്പി വക്താവ് ഉദയ്വീർ പറഞ്ഞു. നിയമപരവും വ്യവസ്ഥാപിതവുമായ നടപടികളിലൂടെയാണ് ഭരണകൂടമാറ്റം നടക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിന് ശേഷവും ഭരണകൂടം മാറാറുണ്ട്. ആ പ്രക്രിയയിൽ പങ്കെടുക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. നിലവിലെ സർക്കാർ ഭീഷണിപ്പെടുത്തി ഭരിക്കുന്ന മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന ഉത്തരവുകൾ ഇപ്പോൾ കാണേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗിസർക്കാർ കോടതിയേപ്പോലെ പെരുമാറുന്നു എന്നായിരുന്നു കോൺഗ്രസ് നേതാവ് റഷീദ് അൽവിയുടെ വിമർശനം. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണോ, കോടതികളില്ലേയെന്നും അദ്ദേഹം ആരാഞ്ഞു. സർക്കാർ ജെൻസീ പ്രതിഷേധങ്ങളെ ഭയക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും അൽവി കൂട്ടിച്ചേർത്തു.
Content Highlights: Uttar Pradesh government tightened character verification rules for direct recruitment to government jobs, corporations, councils, and local bodies., Individuals involved in violent activities aimed at changing the regime may be barred from government employment., Orders issued by Principal Secretary M. Devaraj following Allahabad High Court directives., Opposition parties Samajwadi Party and Congress strongly criticized the move, comparing it to British colonial rule., Government clarified that political ideology alone will not lead to disqualification and pending FIRs won't automatically bar candidates.
Published: 29 Oct 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented