ന്യൂഡല്‍ഹി: 2018-19 സാമ്പത്തികവര്‍ഷത്തിന് ശേഷം രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്ന് ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ (പ്രൈവറ്റ്) ലിമിറ്റഡ് (ബിആര്‍ബിഎന്‍എംപിഎല്‍). വാര്‍ത്താഏജന്‍സിയായ ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ് (ഐഎഎന്‍എസ്) വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണിത് വ്യക്തമാക്കിയത്. 2019-20, 2020-21, 2021-22 സാമ്പത്തികവര്‍ഷങ്ങളില്‍ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നടന്നിട്ടില്ലെന്ന് ബിആര്‍ബിഎന്‍എംപിഎല്‍ അറിയിച്ചു. 

To advertise here,

റിസര്‍വ് ബാങ്കിന് വേണ്ടി നോട്ടുകള്‍ അച്ചടിക്കുന്ന സ്ഥാപനമാണ് ബിആര്‍ബിഎന്‍എംപിഎല്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിആര്‍ബിഎന്‍എംപിഎല്ലിന്റെ ആസ്ഥാനം ബെംഗളൂരുവിലാണ്. മൈസൂരുവിലും സാല്‍ബണിയിലുമായി രണ്ട് അച്ചടിശാലകളുള്ള ബിആര്‍ബിഎന്‍എംപിഎലിന് രണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 16 ബില്യണ്‍ നോട്ടുകള്‍ പ്രതിവര്‍ഷം അച്ചടിക്കാനാകും. 

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3,542.991 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചു. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അച്ചടിച്ച നോട്ടുകളുടെ എണ്ണം 111.507 ദശലക്ഷമായി കുറഞ്ഞു, 2018-19 സാമ്പത്തികവര്‍ഷത്തിലാകട്ടെ ഇത് 46.690 ദശലക്ഷം നോട്ടുകളായി ചുരുങ്ങി, ബിആര്‍ബിഎന്‍എംപിഎല്‍ വെളിപ്പെടുത്തി. 

2016 നവംബര്‍ എട്ടിന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. 2016 നും 2020 നും ഇടയില്‍ പിടിച്ചെടുത്ത 2000 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം 2,272 ല്‍ നിന്ന് 2,44,834 ആയി വര്‍ധിച്ചതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കിയിരുന്നു. എന്‍സിആര്‍ബിയുടെ കണക്കനുസരിച്ച് 2016 ല്‍ 2,272 വ്യാജനോട്ടുകള്‍ പിടികൂടി. 2017 ല്‍ ഇത് 74,898 ആയി ഉയര്‍ന്നു. 2018 ല്‍ 54,776 ആയി കുറഞ്ഞെങ്കിലും 2019 ല്‍ 90,566 ഉം 2020 ല്‍ 2,44,834 ഉം ആയി വര്‍ധിച്ചു. 

2015 ല്‍ നിലവിലുള്ള എല്ലാ വിനിമയ മൂല്യങ്ങളുടേയും  മഹാത്മ ഗാന്ധി സീരിസ്-2005 ലുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. പുതിയ സംഖ്യ ആലേഖനമായിരുന്നു പുതിയ നോട്ടുകളില്‍ ഉപയോഗിച്ചത്. സുരക്ഷാസവിശേഷതകള്‍ വളരെ വ്യക്തമായതിനാല്‍ ഉപയോക്താക്കള്‍ക്ക് വ്യാജനോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമായിരുന്നു. പിടികൂടിയ വ്യാജനോട്ടുകളില്‍ 90 ശതമാനവും നിലവാരം കുറഞ്ഞവയായിരുന്നു, കൂടാതെ സുരക്ഷാസവിശേഷതകള്‍ അവ്യക്തവുമായിരുന്നു. വ്യാജനോട്ടുകളുടെ പ്രചരണം തടയാന്‍ പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് നിരന്തരം നല്‍കാറുണ്ടെന്നും പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.