ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ബിഎസ്എഫ് ബറ്റാലിയൻ കമാൻഡൻറൻറ് ജിബു ബി. മാത്യുവിന്റെ കേരളത്തിലെ വീട്ടിൽനിന്ന് സിബിഐ 96 കോടി രൂപ പിടിച്ചെടുത്തു എന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മുറിയിൽ നോട്ടുകെട്ടുകൾ അടുക്കിവച്ചിരിക്കുന്നതിന്‍റെയും ഉദ്യോഗസ്ഥർ ഇവ കണ്ടുകെട്ടി കൊണ്ടുപോകുന്നതിന്‍റെയും ദൃശ്യങ്ങൾക്കൊപ്പമാണ് ഇത്.
പ്രചരിക്കുന്ന സന്ദേശത്തിൻ്റെ പൂർണരൂപം:
അവിശ്വസനീയമായ ഒരു അറസ്റ്റ്…83 ബിഎസ്എഫ് ബറ്റാലിയൻ കമാൻ്റൻ്റ് ജിബു ബി മാത്യുവിനെ ഷാലിമാർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സിബിഐ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. വീട്ടിൽ ഇയാളുടെ കൈവശം 96 കോടി രൂപ പണമുണ്ടായിരുന്നു.ഇയാൾ പത്തനംതിട്ട ജില്ലാക്കാരനാണ്.പിടികൂടുമ്പോൾ ട്രെയിനിൽ 76 ലക്ഷവുമായി ഇയാൾ യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് 96 കോടി രൂപ സിബിഐ കണ്ടെടുത്തത് .പശ്ചിമ ബംഗാളിലെ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ ആണ് ഇയാളുടെ പോസ്റ്റിംഗ്. ഒളിപ്പിച്ചുവെച്ച പണം കണ്ടെടുക്കുന്നത് കാണുക.
ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു. എന്നാൽ, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഇതേ ദൃശ്യങ്ങളടങ്ങിയ ഒരു റിപ്പോർട്ട് കണ്ടെത്തി. 2018 ജനുവരി 17-ന് ദേശീയ മാധ്യമമായ എൻഡിടിവി നൽകിയ വാർത്തയാണിത്. “പണക്കിടക്ക; കാൺപൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് 100 കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ” എന്നാണ് വാർത്തയുടെ തലക്കെട്ട്. ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യവസായിയും ബിൽഡറുമായ ആനന്ദ് ഖത്രിയുടെ വീട്ടിൽ നിന്ന് നിരോധിത 500, 1000 രൂപ നോട്ടുകൾ കണ്ടെത്തിയതിനെ കുറിച്ചാണിതിൽ പറയുന്നത്.
നിരോധിത നോട്ടുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻ.ഐ.എയും പോലീസും ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയാണ് ആനന്ദ് ഖത്രി എന്ന വ്യവസായിലേക്ക് അന്വേഷണം കൊണ്ടുചെന്നെത്തിച്ചത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് നിരോധിത നോട്ടുകൾ കണ്ടെടുത്തത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നിന്നും വൈറൽ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല എന്ന് വ്യക്തമായി.
'Bed Of Cash': Nearly Rs 100 Crore In Demonetised Notes At Kanpur Home
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന 83 ബിഎസ്എഫ് കമാൻഡന്റ് ജിബു ബി മാത്യുവിനെ പറ്റിയാണ് തുടർന്ന് പരിശോധിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സേവനമനുഷ്ഠിച്ചിരുന്ന ജിബു ഡി. മാത്യു എന്ന മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൈക്കൂലി പണവുമായി സിബിഐ 2018-ൽ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിൽ യാത്രചെയ്യവെ ആലപ്പുഴയിൽ വച്ചായിരുന്നു ഇദ്ദേഹത്തെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഏകദേശം 45 ലക്ഷത്തോളം രൂപയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. എന്നാൽ, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് 76 ലക്ഷം രൂപ പിടികൂടിയതായാണ്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരിൽനിന്ന് കൈക്കൂലിയായി ലഭിച്ച പണമാണ് ഇതെന്ന് ചോദ്യം ചെയ്യലിൽ മാത്യു വെളിപ്പെടുത്തിയതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 2018-ൽ കാൺപൂരിലെ ഒരു വ്യവസായിയുടെ വീട്ടിൽനിന്ന് 97 കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തതിന്‍റെ ദൃശ്യങ്ങളാണ് ബിഎസ്എഫ് കമാൻ്റൻ്റ് ആയിരുന്ന ജിബു മാത്യുവിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് വ്യക്തമായി.
BSF officer held for taking bribes to allow smuggling | India News - The Times of India
വാസ്തവം
ബിഎസ്എഫ് ഉദ്യോഗസ്ഥനായിരുന്ന മലയാളി ജിബു മാത്യുവിന്റെ വീട്ടിൽനിന്ന് പണം പിടിച്ചെടുത്തതിന്‍റെ ദൃശ്യങ്ങളല്ല ഇത്. മറിച്ച് 2018-ൽ കാൺപൂരിലെ ഒരു വ്യവസായുടെ വീട്ടിൽ നടത്തിയ റെയ്ഡിൽനിന്നുള്ള ദൃശ്യങ്ങളാണ്. മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനായിരുന്ന ജിബുവിനെ 2018 ഫെബ്രുവരിയിൽ 45 ലക്ഷം രൂപ കൈക്കൂലി പണവുമായി ട്രെയിനിൽ വച്ച് സിബിഐ പിടികൂടിയിരുന്നു.
Content Highlights: The viral video claiming a ₹96 crore CBI seizure from a BSF officer's home in Kerala is false. The video footage is actually from a 2018 NIA and police raid on a businessman's house in Kanpur, Uttar Pradesh. The Kanpur raid uncovered nearly ₹100 crore in demonetised currency notes. BSF Commandant Jibu D Mathew was arrested in 2018, but with approximately ₹45 lakh in bribe money, not ₹96 crore. The social media post misleadingly combines two separate and unrelated incidents.
Published: 26 Feb 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented