ന്യൂഡല്‍ഹി: ദീപാവലി ബോണസ് നല്‍കാത്ത കമ്പനിക്ക് മുട്ടന്‍പണി കൊടുത്ത് ടോള്‍ പ്ലാസ ജീവനക്കാര്‍. വാഹനങ്ങളെ ടോള്‍ വാങ്ങാതെ കടത്തിവിട്ടുകൊണ്ടാണ് ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയത്. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോള്‍ പ്ലാസയിലാണ് സംഭവം. ഞായറാഴ്ച, 21 ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ടോള്‍ അടയ്ക്കാതെ കടന്നുപോയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.

To advertise here,

ശ്രീസായ് ആന്‍ഡ് ദത്തര്‍ എന്ന കമ്പനിയാണ് ഫത്തേഹാബാദ് പ്ലാസയുടെ നടത്തിപ്പുകാര്‍. ബോണസ് ലഭിക്കാതെ വന്നതോടെ കുപിതരായ ജീവനക്കാര്‍, ഞായറാഴ്ച രാത്രി ടോള്‍ ബൂത്തിലെ ബൂം ബാരിയര്‍ ഉയര്‍ത്തിവെച്ച് സമരത്തിനിറങ്ങുകയായിരുന്നു. പത്തുമണിക്കൂറോളം നീണ്ട സമരം, ബോണസ് നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പിന്‍വലിക്കപ്പെട്ടത്.

കഴിഞ്ഞ ഒരുകൊല്ലമായി ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും എന്നാല്‍ ഇതുവരെ യാതൊരു ബോണസും ലഭിച്ചിട്ടില്ലെന്നും സമരത്തില്‍ പങ്കെടുത്ത ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും ശമ്പളംപോലും കൃത്യമായി ലഭിക്കാറില്ലെന്നും ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു.