മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് റോഡില്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും കുറഞ്ഞത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എങ്കിലും നിര്‍ബന്ധമാണ്.

സാധുവായ ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ഇനി ടോൾ പ്ലാസയിൽ പിടിവീഴും. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ തിരിച്ചറിയാനും, ഉടമയ്ക്ക് എസ്.എം.എസ്. മുഖേന അറിയിപ്പ് നൽകാനുമുള്ള സംവിധാനം ടോൾ പ്ലാസയിൽ നടപ്പാക്കാനൊരുങ്ങുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ). ഇതിന്റെ പൈലറ്റ് പദ്ധതി ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഡൽഹിയിലെ അർബൻ എക്‌സ്റ്റൻഷൻ റോഡ്-2 (യു.ഇ.ആർ-2) ലെ മുണ്ട്ക ടോൾ പ്ലാസയിലാണ് നിലവിൽ ഈ സംവിധാനത്തിന്റെ ട്രയൽ ആരംഭിച്ചിരിക്കുന്നത്. എൻഎഎച്ച്‌ഐ ലക്ഷ്യമിട്ട രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഈ സംവിധാനം രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ള ടോൾ പ്ലാസയിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം. വാഹനത്തിലെ വിവരങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന വാഹൻ ഡാറ്റബേസിലെ വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് രേഖകളും പരിശോധിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതുവഴി ഒരു വാഹനം ടോൾ പ്ലാസയിൽ എത്തുമ്പോൾ തന്നെ അതിന്റെ ഇൻഷുറൻസ് പോളിസി സാധുതയുള്ളതാണോയെന്ന് ഈ സംവിധാനം പരിശോധിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിഞ്ഞതാണെങ്കിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനത്തിന്റെ ഉടമയ്ക്ക് എസ്.എം.എസിലൂടെ ആ വിവരം ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ, ടോൾ പ്ലാസ കടന്ന തീയതിയും സമയവും, ഇൻഷുറൻസ് അവസാനിച്ച തീയതി എന്നിവ ഉൾപ്പെടുത്തിയുള്ള മുന്നറിയിപ്പ് സന്ദേശമായിരിക്കും ലഭിക്കുക. പിഴ ഒഴിവാക്കാനും പോളിസി പുതുക്കാനും വാഹന ഉടമയെ ഇത് സഹായിക്കും.
മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് റോഡിൽ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും കുറഞ്ഞത് തേർഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും നിർബന്ധമാണ്. ഇത് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യ തവണ വാഹനത്തിന്റെ അടിസ്ഥാന പ്രീമിയത്തിന്റെ മൂന്നിരട്ടിയോ 5,000 രൂപയോ ഏതാണോ കൂടുതൽ അതാണ് പിഴ. രണ്ടാം തവണയോ അതിനുശേഷമോ ആവർത്തിച്ചാൽ പിഴ അടിസ്ഥാന പ്രീമിയത്തിന്റെ അഞ്ചിരട്ടിയോ 10,000 രൂപയോ ആയി വർധിക്കും. ഏതാണ് കൂടുതൽ അതായിരിക്കും ഈടാക്കുക.
Content Highlights: NHAI is implementing a new system at toll plazas to identify vehicles with expired insurance., Pilot project currently underway at Mundka toll plaza on Delhi's Urban Extension Road-2 (UER-2)., System cross-checks Vahan database and sends an SMS alert to vehicle owners within minutes., Aims to help owners renew policies and avoid heavy penalties under the Motor Vehicles Act.
Published: 18 Nov 2026, 02:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented