ന്യൂഡൽഹി: ബിജെപി വർക്കിങ് പ്രസിഡന്റായി നിതിൻ നബീൻ ചുമതലയേറ്റു. പാർട്ടി ആസ്ഥാനത്തെത്തിയ നിതിന് നേതാക്കൾ ഉജ്വല വരവേൽപ്പാണ് നൽകിയത്. ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് നിതിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പാർട്ടിപ്രവർത്തകരും ചേർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ച് ബിജെപി ആസ്ഥാനത്തേക്ക് ആനയിച്ചു.
ബിജെപിയുടെ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതല്ലെങ്കിലും വർക്കിങ് പ്രസിഡന്റ് സ്ഥാനം 2019 മുതൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായി മാറിയിട്ടുണ്ട്. നിലവിലെ പാർട്ടി അധ്യക്ഷനായ ജെപി നദ്ദയ്ക്ക് ശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് നിതിൻ നബീൻ. നിലവിൽ ബിഹാർ റോഡ് കൺസ്ട്രക്ഷൻ മന്ത്രിയും അഞ്ച് തവണ എംഎൽഎയുമായിട്ടുള്ള നബീൻ ഭാവിയിൽ ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്കെത്തുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ 2019 ജൂണിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെത്തുടർന്നാണ് നദ്ദയെ ബിജെപി വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. ഏകദേശം ആറ് മാസത്തോളം ഈ സ്ഥാനത്ത് തുടർന്ന നദ്ദ, 2020 ജനുവരിയിൽ ഔദ്യോഗികമായി ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ആറു വർഷത്തോളമായി നദ്ദ ബിജെപി പാർട്ടി അധ്യക്ഷനായി സേവനമനുഷ്ഠിക്കുന്നു. ബിജെപി ഭരണഘടനയനുസരിച്ച്, ഒരു നേതാവിന് മൂന്ന് വർഷം വീതമുള്ള രണ്ട് ടേം വരെ പ്രസിഡന്റായി സേവനമനുഷ്ഠിക്കാം. അതിനാൽ തന്നെ നിലവിലെ വർക്കിങ് പ്രസിഡന്റ് നിയമനം നദ്ദയുടെ പിൻഗാമിയായി നബീൻ എത്തുമെന്നതിന്റെ സൂചനയാണെന്ന് ബിജെപി നേതാക്കൾ ഉൾപ്പെടെ അഭിപ്രായപ്പെടുന്നു,
ഹിന്ദു വിശ്വാസപ്രകാരം ശുഭകാര്യങ്ങൾക്ക് അനുയോജ്യമല്ലാത്ത 'ഖർമാസ്' ഒരു മാസകാലയളവ് ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുമെന്നതിനാലാണ് പ്രഖ്യാപനം ഇതിന് മുന്നേ ആക്കിയതെന്നും ജനുവരി 14-ന് മകരസംക്രാന്തി ദിനത്തിൽ ഈ കാലയളവ് അവസാനിക്കുന്നതോടെ പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആറ് വർഷം മുമ്പ് നദ്ദ, ഷായിൽ നിന്ന് കാര്യങ്ങൾ പഠിച്ചത് പോലെ, നബീൻ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുമ്പ് നദ്ദയെ സഹായിക്കുകയും കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യും.
പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങുന്നതിന് രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെ പകുതിയെങ്കിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയിരിക്കണം. 37 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 30 ഇടങ്ങളിലും ബിജെപി ഇതിനോടകം സംഘടനാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ബിഹാർ രാഷ്ട്രീയത്തിലെ പ്രമുഖനായ നിതിൻ നബീൻ പട്‌നയിലെ ബാങ്കിപ്പുരിൽ നിന്നുള്ള എംഎൽഎയാണ്. പിതാവും മുതിർന്ന ബിജെപി നേതാവുമായ നവീൻ കിഷോർ സിൻഹ അന്തരിച്ചതിനെ തുടർന്ന് പട്‌ന വെസ്റ്റ് അസംബ്ലി സീറ്റിൽ ഒഴിവുവന്നപ്പോൾ, 26-ാം വയസ്സിലാണ് നബീൻ ആദ്യമായി എംഎൽഎ ആയത്. നബീൻ അധ്യക്ഷ സ്ഥാനത്തെത്തിയാൽ ബിഹാറിൽ നിന്നും കിഴക്കൻ ഇന്ത്യയിൽ നിന്നും ബിജെപി അധ്യക്ഷനാകുന്ന ആദ്യ വ്യക്തിയെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തും. മാത്രമല്ല, അടുത്ത വർഷം അദ്ദേഹം പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ 52-ാം വയസ്സിൽ അധ്യക്ഷനായ നിതിൻ ഗഡ്കരിയുടെ റെക്കോർഡ് തകർത്ത് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി അധ്യക്ഷനായി 45കാരനായ അദ്ദേഹം മാറും.
Content Highlights: significance of Nitin Nabin`s appointment as BJP Working President, a role that has historically paved the way for party leadership.
Published: 15 Dec 2025, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented