
2025 നവംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണികള്‍ ഒരുങ്ങിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പുതിയ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രഖ്യാപനവുമൊക്കെയാണ് ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ.) ഇതുവരെ പുറത്തെടുത്ത ആയുധങ്ങള്‍. വോട്ട് മോഷണമെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ ബിഹാറിനെ ഇളക്കിമറിച്ച യാത്രയായിരുന്നു മഹാസഖ്യത്തിന്റെ മറുപടി.
ദിനംതോറും പുതിയ രാഷ്ട്രീയനീക്കങ്ങളുണ്ടാകുന്ന ബിഹാറില്‍ ഇരുമുന്നണികളും അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനുള്ള ആദ്യപടിയായി സീറ്റ് വിഭജനചര്‍ച്ചകളും അനൗദ്യോഗികമായി എന്നേ തുടങ്ങിക്കഴിഞ്ഞു. പക്ഷേ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുന്നില്ലെന്ന് മാത്രം. ഇതിന്റെ കാരണം ഇരുമുന്നണികളിലും പുതുതായെത്തിയ കക്ഷികളാണ്. അതിനിടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പേ നിതീഷ് കുമാര്‍ ഒരു സീറ്റില്‍ തന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്പുരില്‍ മുന്‍മന്ത്രി സന്തോഷ് കുമാര്‍ നിരാല ജനതാദള്‍ (യു) സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ സാക്ഷിയാക്കിയായിരുന്നു ഇത്.
എന്‍.ഡി.എയില്‍ മൂപ്പിളമ തര്‍ക്കം
2020-ലെ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ (യു), ബി.ജെ.പി., മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി.), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം.) എന്നീ പാര്‍ട്ടികളാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇതില്‍ മാറ്റം വന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി ഇത്തവണ മുന്നണിയുടെ ഭാഗമായി. പുതുതായെത്തിയ മറ്റൊരു കക്ഷി ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയാണ്. അതേസമയം വി.ഐ.പി. മുന്നണി വിടുകയും ചെയ്തു.
2020-ല്‍ ജനതാദള്‍ (യു) 115 സീറ്റുകളിലും ബി.ജെ.പി. 110 സീറ്റുകളിലുമാണ് മത്സരിച്ചത്. അന്ന് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ സീറ്റ് വേണമെന്ന് ജനതാദള്‍ (യു) വാശിപിടിച്ചിരുന്നു. മുന്നണിയിലെ പ്രധാന കക്ഷി തങ്ങളാണെന്നത് തെളിയിക്കാനായിരുന്നു ഇത്. അതേ ആവശ്യം അഞ്ചുവര്‍ഷത്തിനുശേഷവും ജനതാദള്‍ (യു) ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 74 സീറ്റും ജനതാദള്‍ (യു)വിന് 43 സീറ്റുമാണ് കിട്ടിയതെന്ന കാര്യം പോലും പരിഗണിക്കാതെയാണ് നിതീഷ് ഇക്കാര്യം ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്. ബി.ജെ.പി. നിതീഷിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് സാധ്യത. ഒന്നോ രണ്ടോ സീറ്റ് തങ്ങളേക്കാള്‍ അധികമായി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പി. ശ്രമിക്കും.
243 സീറ്റുകളുള്ള ബിഹാറില്‍ 100 വീതം സീറ്റുകളില്‍ ബി.ജെ.പി.യും ജനതാദള്‍ (യു)വും മത്സരിച്ചാല്‍ തന്നെ ബാക്കിവരുന്നത് 43 സീറ്റുകള്‍ മാത്രമാണ്. ഇത്രയും സീറ്റുകളിലേക്ക് മറ്റ് മൂന്ന് പാര്‍ട്ടികളെ പരിഗണിക്കാന്‍ കഴിയുമോ എന്നതാണ് എന്‍.ഡി.എയെ വലയ്ക്കുന്നത്. 100 സീറ്റുകളായി സ്വയം ചുരുങ്ങുമ്പോള്‍ തങ്ങളുടെ വിലപേശല്‍ ശേഷി കുറയുമെന്ന് ബി.ജെ.പിക്കും ജനതാദള്‍ (യു)വിനും ഒരുപോലെ ബോധ്യവുമുണ്ട്. തത്കാലം ഒരു 20 - 25 സീറ്റ് ചിരാഗിനും 8 - 10 സീറ്റ് എച്ച്.എ.എമ്മിനും നാലോ അഞ്ചോ സീറ്റ് രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും നല്‍കി പ്രശ്‌നം പരിഹരിക്കാനാകും ബി.ജെ.പിയും ജനതാദള്‍ (യു)വും ശ്രമിക്കുക. കേന്ദ്രമന്ത്രി സ്ഥാനമുള്ളതിനാല്‍ ജിതന്‍ റാം മാഞ്ചിയും രാജ്യസഭാംഗമായതിനാല്‍ ഉപേന്ദ്ര കുശ്‌വാഹയും വലിയ രാഷ്ട്രീയകലാപങ്ങള്‍ക്കൊന്നും തയ്യാറാകാനിടയില്ല.

തനി ബിഹാരിയാകാന്‍ ചിരാഗ്
എന്‍.ഡി.എയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കാനിടയുള്ളത് ചിരാഗ് പസ്വാന്റെ അവകാശവാദങ്ങളായിരിക്കും. തന്റെ പാര്‍ട്ടിയുടെ സാധ്യത കൂട്ടാന്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ചിരാഗ് പസ്വാന്‍ മത്സരിക്കാന്‍ വരെ തയ്യാറാണ്. നിതീഷ് ഇത് ഇഷ്ടപ്പെടുന്നില്ലെന്നത് മറ്റൊരു കാര്യം. കഴിഞ്ഞ തവണ 134 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. എന്നാല്‍ ഒട്ടേറെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ, പ്രത്യേകിച്ചും ജനതാദള്‍ (യു) സ്ഥാനാര്‍ഥികളുടെ, തോല്‍വിയുണ്ടായത് ലോക് ജനശക്തി പാര്‍ട്ടിയുടെ ഒറ്റയ്ക്കുള്ള നില്‍പ്പ് കാരണമാണ്. ബി.ജെ.പി.യുടെ രഹസ്യപിന്തുണയും ഇക്കാര്യത്തില്‍ ചിരാഗിനുണ്ടായിരുന്നുവെന്ന് നിതീഷ് സംശയിക്കുന്നു. ഈ വിദ്വേഷം നിതീഷിന് ചിരാഗിനോട് ഇപ്പോഴുമുണ്ട്. നിതീഷിനെയും മത്സരിക്കാന്‍ 50 സീറ്റുകളെങ്കിലും പ്രതീക്ഷിക്കുന്ന ചിരാഗിനെയും ഒരുപോലെ പിണക്കാതിരിക്കാനുള്ള നീക്കുപോക്കുകള്‍ക്ക് വേണ്ടിയാണ് ബി.ജെ.പി. നേതൃത്വം പരതുന്നത്.
ജനതാദള്‍ (യു)വുമായുള്ള സഖ്യം തങ്ങള്‍ക്ക് ഗുണകരമാണെങ്കിലും നിതീഷിന് പകരക്കാരനെ തേടാനുള്ള സമയമായെന്ന ചിന്ത ഭൂരിഭാഗം ബി.ജെ.പി. നേതാക്കള്‍ക്കുമുണ്ട്. നിതീഷിന്റെ വോട്ട്ബാങ്കില്‍ കാര്യമായി ഇടിവുണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി. കണക്കാക്കുന്നു. എന്നാല്‍ നിതീഷിന് പകരംവെക്കാന്‍ മറ്റൊരു നേതാവില്ലെന്നതാണ് ബി.ജെ.പിയെ അലട്ടുന്ന പ്രശ്‌നം. സുശീല്‍ മോദിയുടെ മരണത്തോടെ തലപ്പൊക്കമുള്ള നേതാവില്ലാതായി. സമ്രാട്ട് ചൗധരിയെപ്പോലുള്ള നേതാക്കള്‍ക്ക് ബി.ജെ.പിക്ക് പുറത്ത് വലിയ പിന്തുണയുമില്ല. ഈ വിടവിലേക്ക് വളരാനാണ് ചിരാഗിന്റെ ശ്രമം. 'ബിഹാര്‍ ആദ്യം, ബിഹാരി ആദ്യം' എന്ന മുദ്രാവാക്യം ചിരാഗ് ഉയര്‍ത്തുന്നത് അതിനാണ്. കേന്ദ്രമന്ത്രിപദം ഉപേക്ഷിക്കാന്‍ വരെ ചിരാഗ് തയ്യാര്‍! പിന്നാക്കക്കാര്‍ക്കിടയിലുള്ള പിന്തുണയും യുവാവാണെന്ന ഘടകവും ചിരാഗിന്റെ പ്ലസ് പോയന്റുകളാണ്. തേജസ്വി യാദവിനൊത്ത എതിരാളിയായി ചിരാഗിനെ അവതരിപ്പിക്കാനാണ് ലോക് ജനശക്തി പാര്‍ട്ടിയുടെ ശ്രമം. നിതീഷിന്റെ മങ്ങുന്ന പ്രതിച്ഛായയാണ് ചിരാഗിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമേകുന്ന ഘടകം.
ഇത്രയും മുന്നണി മാറ്റങ്ങള്‍ നടത്തിയപ്പോഴും തന്റെ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ നിതീഷിന് ആകുന്നുണ്ടെന്നത് ബി.ജെ.പിയെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിതീഷ് ഉണ്ടാക്കിയെടുത്ത സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ (ഇ.ബി.സി) ഇപ്പോഴും നിതീഷിന് ആരാധകർ ഏറെയാണ്. ഒപ്പം സമുദായങ്ങള്‍ക്കതീതമായി വനിതകളില്‍ നിന്നുള്ള പിന്തുണയും നിതീഷിന് ലഭിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 16-ല്‍ 12 സീറ്റുകളും ജനതാദള്‍ (യു) നേടിയിരുന്നു. സ്വന്തമായി കേന്ദ്രത്തില്‍ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി. നിതീഷിനെ പ്രകോപിതനാക്കുന്ന ഒരു സാഹചര്യത്തിന് തുനിയാനിടയില്ല.

എട്ട് കക്ഷികളുടെ മഹാസഖ്യം
2020-ല്‍ നിന്ന് 2025-ലേക്കെത്തുമ്പോള്‍ പ്രതിപക്ഷത്തുള്ള മഹാസഖ്യത്തില്‍ മൂന്ന് പുതിയ കക്ഷികളാണുള്ളത്. മുന്‍പ് എന്‍.ഡി.എയിലുണ്ടായിരുന്ന വി.ഐ.പി., രാംവിലാസ് പസ്വാന്റെ സഹോദരന്‍ പശുപതി കുമാര്‍ പരസ് രൂപവത്കരിച്ച രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി.), അയല്‍സംസ്ഥാനത്തെ സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) എന്നിവയാണ് സഖ്യത്തിലെ പുതുമുഖങ്ങള്‍.
ആവശ്യങ്ങള്‍ക്ക് ഒരിക്കലും കുറവ് വരുത്താത്ത മുകേഷ് സാഹ്നിയുടെ വി.ഐ.പിക്ക് ഇത്തവണ വേണ്ടത് 50 സീറ്റും ജയിച്ചാല്‍ ഉപമുഖ്യമന്ത്രിപദവുമാണ്. കഴിഞ്ഞ തവണ എന്‍.ഡി.എ. 11 സീറ്റ് മാത്രമാണ് നല്‍കിയതെന്നിരിക്കെ വി.ഐ.പിയുടെ അവകാശവാദങ്ങള്‍ അത്രമാത്രം വിലപ്പോകാന്‍ സാധ്യതയില്ല. ജയിച്ച നാല് എം.എല്‍.എമാര്‍ കൂറുമാറുകയും ചെയ്തു. എങ്കിലും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ മുകേഷ് സാഹ്നിക്കുള്ള സ്വീകാര്യത പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്നത് തേജസ്വി യാദവിനറിയാം. വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം മുകേഷ് സാഹ്നിയെയും ചേര്‍ത്തുപിടിച്ചത് ഇതുകൊണ്ടാണ്.
വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും തേജസ്വി യാദവിനെതിരെ മുറുമുറുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവസാനം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം രാഹുല്‍ ഗാന്ധി പറയുന്നത് അനുസരിക്കേണ്ടി വരും. പപ്പു യാദവിനോടടക്കം രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. പല സീറ്റുകളും വാശിപിടിച്ച് വാങ്ങിയതായിരുന്നു. എന്തുവില കൊടുത്തും ബി.ജെ.പി.യെ അധികാരത്തില്‍ നിന്നകറ്റുക എന്ന ലക്ഷ്യം വെച്ച് സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് ഇത്തവണ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നുറപ്പാണ്. എന്നാല്‍ വിജയിക്കാന്‍ സാധ്യതയുള്ള ചില സീറ്റുകള്‍ക്കായി അവകാശമുന്നയിക്കുകയും ചെയ്യും.
തേജസ്വി യാദവിന് ഏറ്റവും താത്പര്യമുള്ള സഖ്യകക്ഷി സി.പി.ഐ. എം.എല്ലാണ്. കഴിഞ്ഞ തവണ നല്‍കിയ 19-ല്‍ 12 സീറ്റിലും അവര്‍ ജയിച്ചിരുന്നു. 25 സീറ്റെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. നാലോ അഞ്ചോ സീറ്റ് അവര്‍ക്ക് അധികമായി ലഭിച്ചേക്കാം. ആറ് സീറ്റില്‍ മത്സരിച്ച സി.പി.ഐക്കും നാലെണ്ണത്തില്‍ മത്സരിച്ച സി.പി.എമ്മിനും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്. ഇവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കില്ല.
ചിരാഗ് പസ്വാന്റെ പസ്വാന്‍ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനാണ് പശുപതി പരസിനെ ആര്‍.ജെ.ഡി. ഒപ്പംനിര്‍ത്തുന്നത്. പ്രത്യേകിച്ചും അവരുടെ ശക്തികേന്ദ്രമായ ഖാര്‍ഗിയയില്‍ പശുപതി പരസിനെ മഹാസഖ്യം പരമാവധി പ്രയോജനപ്പെടുത്തും. തൊട്ടടുത്തുള്ള ജാര്‍ഖണ്ഡിലെ സഖ്യം ബിഹാറിലും തുടരാനാണ് ജെ.എം.എമ്മിന്റെ ശ്രമം. അവിടെ ജെ.എം.എമ്മും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്നാണ് ഭരിക്കുന്നത്. കഴിഞ്ഞ തവണ ബിഹാറില്‍ ജെ.എം.എം. സഖ്യചര്‍ച്ച പാതിവഴിയില്‍ ഉപേക്ഷിച്ചതാണ്. ജാര്‍ഖണ്ഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഗോത്രമേഖലകളായ ബാങ്കയിലോ മുംഗറിലോ ഭാഗല്‍പുരിലോ ഒന്നോ രണ്ടോ സീറ്റ് കിട്ടിയാലും ജെ.എം.എം. സന്തുഷ്ടരായിരിക്കും.
സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍.ജെ.ഡി. പരമാവധി സീറ്റുകള്‍ കൈവശം വെക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും തേജസ്വി യാദവ് ഇത്തവണ ലക്ഷ്യംവെക്കുന്നില്ല. എങ്കിലും സഖ്യകക്ഷികളെ പിണക്കാതെ കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ആര്‍.ജെ.ഡി. നോക്കുന്നത്. പരമ്പരാഗത യാദവ - മുസ്‌ലിം വോട്ടുകള്‍ക്ക് പുറമേ കുശ്‌വാഹ പോലുളള സമുദായങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമം ആര്‍.ജെ.ഡി. നേരത്തേ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ 144 സീറ്റ് മത്സരിച്ചതില്‍ 75 എണ്ണത്തിലാണ് അവര്‍ക്ക് വിജയിക്കാനായത്.
സീറ്റ് വിഭജനചര്‍ച്ച ഒരു ഘട്ടം പൂര്‍ത്തിയാക്കിയെന്ന ആശ്വാസം മഹാസഖ്യത്തിനുണ്ട്. അവസാനഘട്ടത്തില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തങ്ങളുടെ സീറ്റുകള്‍ വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായേക്കും. പുറത്തുവരുന്ന സൂചനകളനുസരിച്ച് 122-124 സീറ്റുകളായിരിക്കും ആര്‍.ജെ.ഡിക്ക് ലഭിക്കുക. കോണ്‍ഗ്രസ് 58-62 സീറ്റുകളിലേക്ക് ഒതുങ്ങാന്‍ തയ്യാറായേക്കും. ഇടതുപാര്‍ട്ടികള്‍ക്ക് 31 മുതല്‍ 33 വരെ സീറ്റുകളും വി.ഐ.പിക്ക് 20 മുതല്‍ 22 വരെ സീറ്റുകളുമാകും മത്സരിക്കാന്‍ ലഭിക്കുക. പരസിന്റെ ലോക്ജനശക്തി പാര്‍ട്ടിക്ക് അഞ്ച് മുതല്‍ ഏഴ് വരെ സീറ്റുകളും ജെ.എം.എമ്മിന് രണ്ടോ മൂന്നോ സീറ്റുകളും കിട്ടിയേക്കും.

മുന്നണിക്ക് പുറത്തുള്ളവര്‍
തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികളെ അണിയിച്ചൊരുക്കുന്ന പ്രശാന്ത് കിഷോറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമാണ് വരുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ്. 2024-ല്‍ ജന്‍ സുരാജ് പാര്‍ട്ടി നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 243 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇരുമുന്നണികള്‍ക്കും ബദലായി വളരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ജന്‍ സുരാജ് പാര്‍ട്ടി യുവാക്കളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ടാണ് പ്രതീക്ഷിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചല്‍ മേഖലയില്‍ മാത്രം 30 മുസ്‌ലിം സ്ഥാനാര്‍ഥികളെയെങ്കിലും നിര്‍ത്തുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. ആര്‍.ജെ.ഡിയുടെ വോട്ട് ബാങ്കിനാകും ഇത് പരിക്കേല്‍പ്പിക്കുക.
എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റ് രണ്ട് പാര്‍ട്ടികളാണ് ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും. ഇരുപാര്‍ട്ടികള്‍ക്കും ആഴത്തില്‍ വേരുകളോ മികച്ച നേതാക്കളോ ഇല്ലെന്ന് മാത്രം. കഴിഞ്ഞ തവണ സീമാഞ്ചലില്‍ നിന്ന് അഞ്ച് സീറ്റുകളില്‍ വിജയിച്ച ഓള്‍ ഇന്ത്യ മജ്‌ലിസ് - ഇ - ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം.) ഇത്തവണയും ഒറ്റയ്ക്ക് 50 സീറ്റുകളിലെങ്കിലും മത്സരിക്കും. അസാദുദീന്‍ ഒവൈസിയുടെ തീപാറുന്ന വാക്കുകളിലാണ് അവരുടെ പ്രതീക്ഷ. ഈ പാര്‍ട്ടികളുടെയെല്ലാം മത്സരം മഹാസഖ്യത്തിന്റെ സാധ്യതകള്‍ക്കാണ് പ്രധാനമായും തിരിച്ചടിയാകുക. ഒപ്പം തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ആര്‍.ജെ.ഡിയില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന് ജനശക്തി ജനതാദളുമായി രംഗപ്രവേശം ചെയ്തതും പ്രതിപക്ഷത്തിന് വെല്ലുവിളിയായി.
Content Highlights: Bihar Assembly Elections 2025 Seat-Sharing Challenges and Emerging Political Dynamics
Published: 13 Sept 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented