മുംബൈ: തനിക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ബോംബെ ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കേന്ദ്ര സർക്കാരിന്റെ ഇ-20 പെട്രോൾ പദ്ധതിയിലൂടെ അദ്ദേഹം വൻ ലാഭമുണ്ടാക്കിയെന്ന രീതിയിൽ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കുമെതിരെയാണ് നിയമനടപടി. പെട്രോൾ എഥനോൾ നയം നടപ്പിലാക്കുന്നത് പെട്രോളിയം മന്ത്രാലയമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ഇത്തരം തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

To advertise here,

എഥനോൾ ബ്ലെൻഡിംഗ് നയം യഥാർത്ഥത്തിൽ പെട്രോളിയം മന്ത്രാലയമാണ് നടപ്പിലാക്കുന്നത്. എന്നാൽ ഈ പദ്ധതിയുടെ ലാഭം തനിക്കും കുടുംബത്തിനുമാണെന്ന തരത്തിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാന പരാതി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണ്. അപകീർത്തികരമായ പോസ്റ്റുകളും ഡീപ്പ്‌ഫേക്ക് വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന അജ്ഞാത വ്യക്തികൾക്കും എതിരെ സിവിൽ കേസ് ഫയൽ ചെയ്യാനാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഇതിനകം തന്നെ നാഗ്പൂരിൽ നാല് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെ ഇതേ വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.