ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിലെ എഥനോളിന്റെ അളവ് അറിയുന്നതിന് നിഷ്പക്ഷപരിശോധനാ സംവിധാനം വേണമെന്ന് കർണാടക സർക്കാർ. എണ്ണക്കമ്പനികളുടെ ലാബുകളിലെ പരിശോധനയ്ക്കു പകരം സ്വതന്ത്രമായ സംവിധാനം വേണമെന്ന് കർണാടക സിവിൽ സപ്ലൈസ്-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു.

To advertise here,

പെട്രോളിൽ 30 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയ സംസ്ഥാനസർക്കാർ റിപ്പോർട്ട് അശാസ്ത്രീയമാണെന്ന കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു റിസ്വാൻ അർഷാദ്. പെട്രോളിലെ എഥനോളിന്റെ അളവ് കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്നും ഇതിന് സൗകര്യമുള്ള ലാബുകളിലാണ് എണ്ണക്കമ്പനികൾ പരിശോധന നടത്തുന്നതെന്നും കർണാടകസർക്കാർ നടത്തിയ പരിശോധന അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് പ്രൾഹാദ് ജോഷി പറഞ്ഞത്.

പെട്രോളിയം മന്ത്രിയായ ഹർദീപ് പുരി മൗനം പാലിക്കുമ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ പ്രൾഹാദ്‌ജോഷി വിശദീകരണം നൽകുന്നതിനെ ചോദ്യംചെയ്ത റിസ്വാൻ അർഷാദ്, ഈ വിഷയത്തിൽ ഹർദീപ് പുരി രാജിവെക്കുമ്പോൾ ഈ വകുപ്പിന്റെ കൂടി ചുമതലയേൽക്കേണ്ടി വരുമെന്നു കരുതി മറുപടി നൽകുന്നുവെന്ന് പരിഹസിച്ചു. കരിമ്പുകർഷകരുടെ പേരിൽ രാജ്യത്തെ സാധാരണക്കാരെ കൊള്ളയടിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ആരോപിച്ചു.

കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലുമധികം എഥനോൾ ഉള്ളതായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രമുഖ ഓയിൽ കമ്പനികൾ വിൽക്കുന്ന പെട്രോളിന്റെ സാംപിളുകളിൽ 31.2% വരെയാണ് എഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കർണാടക സർക്കാരാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തിയത്.

20 ശതമാനമാണ് കേന്ദ്രസർക്കാർ എഥനോൾ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച 63 സാംപിളുകൾ പരിശോധിച്ചപ്പോൾ ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ എഥനോൾ അനുവദനീയമായ അളവിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയെന്നായിരുന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ്-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷദ് അറിയിച്ചത്.