പാർലമെന്റ് അംഗങ്ങൾക്ക് കാറുകൾ, എയർകണ്ടീഷണറുകൾ എന്നിവ വാങ്ങുമ്പോഴും വിമാന - ട്രയിൻ ടിക്കറ്റുകളിന്മേലും ജിഎസ്‌ടി ഇളവുകൾ ലഭിക്കുന്നുവെന്ന വാദത്തോടെ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർഥ്യം.

To advertise here,

പ്രചരിക്കുന്ന പോസ്റ്റിലെ അഞ്ച് അവകാശവാദങ്ങളിൽ യാത്രാ ആനുകൂല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഭാഗികമായി ശരിയാണെങ്കിലും, ഉത്പന്നങ്ങളിലെ നികുതി ഇളവുകളെക്കുറിച്ചുള്ള വാദങ്ങൾ ( എംപിമാർക്ക് കാറുകൾ വാങ്ങുമ്പോൾ 28% ജിഎസ്ടിയും, എസി വാങ്ങുമ്പോൾ 18% ജിഎസ്ടിയും നൽകേണ്ടതില്ല) ശരിയല്ല. പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ച നിയമത്തിലോ ജിഎസ്ടി നിയമങ്ങളിലോ എംപിമാർക്ക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ നികുതി ഇളവുള്ളതായി പറയുന്നില്ല. സാധാരണ പൗരന്മാരെപ്പോലെ തന്നെ എംപിമാരും കാറുകൾക്കും എസികൾക്കും ബാധകമായ ജിഎസ്ടി കൃത്യമായി അടയ്ക്കേണ്ടതുണ്ട്.

വിമാന ടിക്കറ്റുകളിൽ എംപിമാർ 5% ജിഎസ്ടി നൽകേണ്ടതില്ല എന്നാണ് മറ്റൊരു വാദം. യഥാർത്ഥത്തിൽ, ജിഎസ്ടി ഇളവല്ല മറിച്ച് യാത്രാ ആനുകൂല്യമാണ് എംപിമാർക്ക് ലഭിക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം, ഒരു എംപിക്ക് പ്രതിവർഷം 34 സൗജന്യ വിമാന യാത്രകൾ (Single air journeys) അനുവദിച്ചിട്ടുണ്ട്. ഇതിൽ എംപിയുടെ പങ്കാളിക്കോ ഒപ്പമുള്ള ആൾക്കോ യാത്ര ചെയ്യാം. ഈ സൗജന്യ യാത്രകളുടെ ചെലവ് സർക്കാർ വഹിക്കുമ്പോൾ, ടിക്കറ്റ് നിരക്കിനൊപ്പം ബാധകമായ നികുതികളും സർക്കാർ തന്നെയാണ് നൽകുന്നത്. അല്ലാതെ എംപിമാർക്ക് പ്രത്യേക ജിഎസ്ടി ഇളവ് ലഭിക്കുകയല്ല.

എംപിമാർക്കും പങ്കാളിക്കും (അല്ലെങ്കിൽ ഒപ്പമുള്ള ഒരാൾക്കും) ഇന്ത്യയിലെവിടെയും ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എസിയിലോ എക്സിക്യൂട്ടീവ് ക്ലാസിലോ സൗജന്യമായി യാത്ര ചെയ്യാനുള്ള പാസ് ലഭിക്കും. കൂടാതെ ഒപ്പമുള്ള സഹായിക്ക് സെക്കൻഡ് ക്ലാസ് എസി യാത്രാ സൗകര്യവുമുണ്ട്. മാത്രമല്ല, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം പാർലമെന്റ് അംഗങ്ങൾ സഞ്ചരിക്കുന്ന ഔദ്യോഗിക/സ്വകാര്യ വാഹനങ്ങൾക്ക് ദേശീയപാതകളിലെ ടോൾ പിരിവിൽ നിന്ന് ഇളവ് ലഭിക്കും.

പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നതുപോലെ കാറുകൾ, എയർകണ്ടീഷണറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ എംപിമാർക്ക് യാതൊരുവിധ ജിഎസ്ടി ഇളവുകളും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഔദ്യോഗിക പ്രവർത്തനങ്ങൾ സുഗമമാക്കാൻ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ആനുകൂല്യങ്ങൾ മാത്രമാണ് നൽകുന്നത്.