ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധം. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയനാണ് (എൻ.എസ്.യു) പ്രതിഷേധവുമായി എത്തിയത്. മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയുമാണ് എൻഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.എസ്.യു) പരീക്ഷ റദ്ദാക്കിയത്.

To advertise here,

ന്യൂ ഡൽഹിയിലെ ശാസ്ത്രിഭവന് പുറത്താണ് എൻ.എസ്.യു പ്രവർത്തകർ ചൊവ്വാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്. ഒട്ടേറെ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി. നീറ്റ് പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം. കുറ്റക്കാരായവർക്കെതിരേ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശാസ്ത്രി ഭവന് പുറത്ത് ബാരിക്കേഡ് കെട്ടിയാണ് പോലീസ് എൻഎസ്‌യു പ്രവർത്തകരെ തടഞ്ഞത്.

തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങൾ പരീക്ഷയുടെ വിശ്വാസ്യത തകർത്തെന്നും പരീക്ഷാർഥികൾ എങ്ങനെയാണ് ഈ സംവിധാനത്തിൽ വിശ്വസിക്കുകയെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. എൻടിഎ സുതാര്യമായി കാര്യങ്ങൾ നടപ്പാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെക്കുന്നു. മാസങ്ങളോളം കഠിനാധ്വാനംചെയ്ത ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് ഇത് ബാധിക്കുന്നതെന്നും സംവിധാനത്തിന്റെ പരാജയംകൊണ്ട് മാത്രമാണ് ഇത് അനുഭവിക്കേണ്ടിവരുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ പരീക്ഷാർഥികളിൽ സമ്മർദ്ദമുണ്ടാക്കുന്നതായും ഇവർ പറയുന്നു.

അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് എൻടിഎ പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്നും പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കുമെന്നും എൻടിഎ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച കൂടുതൽ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നിർദേശവും എൻടിഎ നൽകിയിട്ടുണ്ട്. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.

പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.