ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ വെറുതേവിട്ടതിനെതിരേ പരാതിക്കാരി സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. കേസിലെ അതിജീവിതയായ വനംവകുപ്പിലെ മുൻ ഉന്നത ഉദ്യോഗസ്ഥയാണ് പുനഃപരിശോധനാ ഹർജി നൽകിയത്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. കൂടാതെ, നീലലോഹിതദാസൻ നാടാരെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ചീഫ് സെക്രട്ടറിക്കും കത്തയച്ചു.

To advertise here,

വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ സെപ്റ്റംബർ 15-നാണ് നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി വെറുതേവിട്ടത്. ഇതിനെതിരേ പരാതിക്കാരി നൽകിയ അപ്പീൽ ജനുവരിയിൽ സുപ്രീംകോടതി തള്ളി. കേസിലെ തെളിവുകളും രേഖകളും പരിശോധിക്കുമ്പോൾ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ നല്ല കാരണങ്ങളൊന്നും കാണുന്നില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

1999-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ അന്ന് ഡിഎഫ്ഒ ആയിരുന്ന ഉദ്യോഗസ്ഥയെ ഔദ്യോഗിക ചർച്ചയ്‌ക്കെന്നു പറഞ്ഞ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നായിരുന്നു കേസ്.

നീലലോഹിതദാസൻ നാടാരെ വിചാരണക്കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് കോഴിക്കോട് സെഷൻസ് കോടതി ഇത് മൂന്നുമാസമാക്കി കുറച്ചിരുന്നു. എന്നാൽ, പരാതിക്കാരിയുടെ മൊഴിയടക്കമുള്ള പ്രോസിക്യൂഷൻ തെളിവുകൾ വിശ്വാസ്യയോഗ്യമല്ലെന്നും പരാതി നൽകാൻ രണ്ട് വർഷം വൈകിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.