ഭോപാല്‍: നര്‍മദ നദിക്കരയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലും അതിനോട് ചേര്‍ന്നുള്ള പട്ടണങ്ങളിലും മദ്യ, മാംസ നിരോധനം ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. നര്‍മദ ഉത്ഭവിക്കുന്ന അമര്‍കാണ്ഡകിലെ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

To advertise here,

നര്‍മദ നദിയിലെ ഒഴുക്ക് വര്‍ഷംമുഴുവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി രൂപവത്കരിച്ച മന്ത്രിസഭാ സമിതിയുടെ വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

മലിനജലം നദിയിലേക്ക് ഒഴുക്കാന്‍ പാടില്ല, ഭാവിയില്‍ ഉത്ഭവസ്ഥാനത്ത് നിര്‍മാണം പാടില്ല, സാറ്റലൈറ്റ് സിറ്റി നിര്‍മിക്കണം, പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കണം, ഖരമാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതിക വിദ്യകളുടെ സഹായം തേടണം, യന്ത്രം ഉപയോഗിച്ചുള്ള എല്ലാ ഖനനപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ക്ക് ഉപഗ്രഹ- ഡ്രോണ്‍ നിരീക്ഷണം ഉപയോഗപ്പെടുത്തണം എന്നീ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

1312 കിലോമീറ്റര്‍ നീളമുള്ള നദിയുടെ 1079 കിലോമീറ്റര്‍ ദൂരവും മധ്യപ്രദേശിലൂടെയാണ് ഒഴുകുന്നത്. 21 ജില്ലകളിലായി 68 താലൂക്കുകളും 1138 ഗ്രാമങ്ങളും മധ്യപ്രദേശില്‍ നര്‍മദയുടെ തീരത്തുണ്ട്. 430 പുരാതന ശിവക്ഷേത്രങ്ങളും രണ്ട് ശക്തിപീഠങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.