ഓൾഡ് മങ്ക് റം ഇന്ത്യയിൽ പൂർണ്ണമായി നിരോധിച്ചു എന്ന തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഓൾഡ് മങ്ക് ഉൾപ്പെടെയുള്ള പ്രമുഖ മദ്യ ബ്രാൻഡുകൾക്കെതിരെ എഫ്എസ്എസ്‌എഐ (FSSAI) നടപടി എടുത്തിരുന്നു. മദ്യത്തിൽ കൃത്രിമ എസ്സൻസുകൾ ഉപയോഗിച്ചതും ലേബലിൽ നിർമ്മാണ പഴക്കത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതുമായിരുന്നു നടപടിക്ക് കാരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ ലബോറട്ടറി പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതിനെത്തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത്

To advertise here,

അന്വേഷണം

ചില സുരക്ഷാ, ലേബലിംഗ് മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് എഫ്.എസ്.എസ്.എ.ഐ (FSSAI) ഓൾഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങളുടെ വിപണനത്തിന് മാത്രമാണ് നിലവിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഓൾഡ് മോങ്ക് കൂടാതെ മക്ഡൊവൽസ്, റോയൽ ചലഞ്ച് വിസ്കി എന്നിവയുടെ വകഭേദങ്ങളും പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നടപടി നേരിട്ടിട്ടുണ്ട്.

ഒരു മദ്യത്തിന്റെ തനതായ സ്വാദും സുഗന്ധവും ലഭിക്കേണ്ടത് അതിലുപയോഗിക്കുന്ന അടിസ്ഥാന ചേരുവകൾ, ഫെർമന്റേഷൻ,ഡിസ്റ്റിലേഷൻ, മെച്യൂറേഷൻ എന്നീ പ്രക്രിയകളിലൂടെയാണ്. .

എന്നാൽ ചില പ്രമുഖ കമ്പനികൾ 'ന്യൂട്രൽ' അല്ലെങ്കിൽ 'എക്‌സ്ട്രാ ന്യൂട്രൽ' ആൽക്കഹോളിലേക്ക് പുറമേനിന്നുള്ള കൃത്രിമ ചേരുവകൾ ചേർത്ത് റമ്മിന്റെയും വിസ്കിയുടെയും സ്വാദും സുഗന്ധവും കൃത്രിമമായി നിർമ്മിച്ചെടുക്കുകയായിരുന്നു.

ശേഖരിച്ച സാമ്പിളുകൾ ലബോറട്ടറികളിൽ പരിശോധിച്ചപ്പോൾ ഇവയിൽ കൃത്രിമമായതോ, സ്വാഭാവികമെന്ന് തോന്നിക്കുന്നതോ ആയ ഫ്ലേവറുകളുടെ (artificial or nature-identical flavours) സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ഇത്തരം കൃത്രിമ ഫ്ലേവറുകൾ ചേർക്കുന്നത് മദ്യത്തിന്റെ സ്വാഭാവികതയെ മറയ്ക്കുകയും ഉൽപ്പന്നത്തെ 'സബ്-സ്റ്റാൻഡേർഡ്' (നിലവാരമില്ലാത്തത്) ആക്കുകയും ചെയ്യുന്നുവെന്നാണ് ലാബ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ സാധാരണ റം അല്ലെങ്കിൽ വിസ്കി എന്ന പേരിൽ വിൽക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. അതിനാൽ പാക്കറ്റിന്റെ മുൻവശത്ത് തന്നെ ഇവ "rum-flavoured spirit" അല്ലെങ്കിൽ "whisky-flavoured spirit" എന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഇത് 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ലാബലിംഗ് ആൻഡ് ഡിസ്‌പ്ലേ) റെഗുലേഷൻസ്, 2020' പ്രകാരം നിർബന്ധമാണ്.

മധ്യപ്രദേശിൽ യുണൈറ്റഡ് സ്‌പിരിറ്റ്‌സ് നിർമ്മിച്ച ആൻ്റിക്വിറ്റി ബ്ലൂ വിസ്കി, റോയൽ ചലഞ്ച് വിസ്‌കി, മധ്യപ്രദേശിൽ ഇൻബ്രൂ ബിവറേജസ് നിർമ്മിച്ച ബാഗ്പൈപ്പർ ഡീലക്‌സ് വിസ്‌കി, ഓൾഡ് കാസ്‌ക്‌ ഡീലക്സ് റം; മഹാരാഷ്ട്രയിൽ മോഹൻ റോക്കി സ്പ്രിംഗ് വാട്ടർ നിർമ്മിച്ച ഓൾഡ് മങ്കിന്റെ മൂന്ന് വേരിയൻ്റുകൾ എന്നിവയ്ക്കാണ് നിലവിൽ വിലക്കുള്ളത്. ഇവിടെനിന്നുള്ള ഉല്പന്നങ്ങൾക്ക് മാത്രമാണോ, മറ്റ് കേന്ദ്രങ്ങളിൽ നിർമിക്കുന്ന ഇതേ ബ്രാൻഡുകളെയും വിലക്ക് ബാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബ്രാൻഡുകളും ഇതുസംബന്ധിച്ച് പ്രതികരണം നൽകിയിട്ടില്ല.

ചുരുക്കത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ഓൾഡ് മങ്ക് (Old Monk) റം പൂർണ്ണമായി നിരോധിച്ചു എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഓൾഡ് മങ്കിന്റെ മൂന്ന് വേരിയെൻറുകൾക്ക് മാത്രമാണ് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.