ന്യൂഡൽഹി: ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് 2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ വെടിയുണ്ടയേറ്റുണ്ടായ മുറിവുകൾക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. 

To advertise here,

യുവാക്കൾക്ക് വിവിധ മേഖലകളിൽ അവസരം തുറക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ ബജറ്റ് , രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതാണ്. സാധാരണക്കാരെ സാമ്പത്തിക പ്രക്രിയയിൽ പങ്കാളികളാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു- മോദി പറഞ്ഞു. 

അതേസമയം കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആ​ഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

യഥാർഥ വേതനത്തിലെ മുരടിപ്പ്, ഉപഭോ​ഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദ​ഗതി, സങ്കീർണമായ ജി.എസ്.ടി. സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്​വ്യവസ്ഥ അനുഭവിക്കുന്ന രോ​ഗങ്ങളെന്ന് കോൺ​ഗ്രസ് പറഞ്ഞു. അവയ്ക്ക് ബജറ്റിൽ പരിഹാരമൊന്നും കാണുന്നില്ലെന്നും ആരോപിച്ചു.