ന്യൂഡൽഹി: ആദായനികുതിയുടെ പരിധിയിൽനിന്ന് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ഒഴിവാക്കിയത് വിവിധ നികുതി ലാഭിക്കൽ പദ്ധതികളുടെ (ടാക്സ് സേവിങ് സ്കീം) ആകർഷകത്വം കുറയ്ക്കും. വിരമിച്ചശേഷമുള്ള സ്ഥിരവരുമാനം എന്നതിലുപരി നികുതിയിളവ് ഉദ്ദേശിച്ചുകൊണ്ട് ദേശീയ പെൻഷൻ സിസ്റ്റം (എൻ.പി.എസ്.) പോലുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഇനി കുറയും. പൂർണമായി അടച്ചുതീർക്കാൻ ശേഷിയുണ്ടായിട്ടും നികുതിയിളവ് ലക്ഷ്യംവെച്ച് ഭവനവായ്പ തുടരുന്നവരും മാറിച്ചിന്തിച്ചേക്കും.
ആദായനികുതിയുടെ പഴയ സ്കീമിലുള്ളവർക്കാണ് വിവിധ നികുതിലാഭിക്കൽ പദ്ധതികളുടെ നേട്ടമുള്ളത്. പുതിയ സ്കീമിൽ ഇതില്ല. അതേസമയം, 12 ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ളവർക്ക് പുതിയ സ്കീമിൽ ഇനി നികുതിയില്ല. മാസശമ്പളക്കാർക്ക് 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻകൂടി ഉൾപ്പെടെ ഇത് 12,75,000 രൂപയാണ്. അതിനാൽ, ആകെ വരുമാനം ഈ പരിധിക്കുള്ളിൽവരുന്ന ഭൂരിഭാഗം പേരും ഇനി പുതിയ സ്കീമിലേക്ക് ചുവടുമാറും. കാരണം, നികുതി ലാഭിക്കൽ പദ്ധതികളെ ആശ്രയിക്കാതെ അവർക്ക് പൂജ്യം നികുതിയുടെ നേട്ടം അനുഭവിക്കാം.
2020-ൽ പുതിയ സ്കീം വരുകയും 2023-ൽ നികുതിയിളവുപരിധി ഏഴുലക്ഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭവനവായ്പയുള്ളവരും എൻ.പി.എസിലുംമറ്റും നിക്ഷേപമുള്ളവരും നികുതി നേട്ടത്തിനായി പഴയ സ്കീമിൽ തുടർന്നു. എന്നാൽ, 12 ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ളവർ നികുതി ലാഭത്തിനുവേണ്ടിമാത്രം ഇത്തരം പദ്ധതിയിൽ നിക്ഷേപം നടത്തുന്നത് കുറയുമെന്ന് കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ വർമ ആൻഡ് വർമയുടെ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ഓഹരിവിപണിപോലെ ഊഹക്കച്ചവടസ്വഭാവമുള്ള മേഖലകളിലേക്കും യുവാക്കൾ കൂടുതലായി ചെലവിടാൻ തയ്യാറായേക്കുമെന്ന് വിവേക് കൃഷ്ണ ഗോവിന്ദ് ചൂണ്ടിക്കാട്ടി.
കാർ, ബൈക്ക് വിൽപ്പന കൂടും
നികുതിദായകരുടെ കൈയിലേക്ക് കൂടുതൽ പണമെത്തുകയും പണപ്പെരുപ്പനിരക്ക് നിയന്ത്രിച്ചുനിർത്തുകയും ചെയ്താൽ വാഹനവിപണിക്ക് നേട്ടമാവുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.
ആദായനികുതിയിലെ പരിഷ്കരണത്തോടൊപ്പം ഗ്രാമീണമേഖലയിലെ അഭിവൃദ്ധിക്ക് ഊന്നൽനൽകുന്ന ബജറ്റ് വാഹനവിപണിയിൽ ഗുണംചെയ്യുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വാഹനവിഭാഗം എം.ഡി. ഷൈലേഷ് ചന്ദ്ര പറഞ്ഞു. നിർമാണമേഖല, ഇലക്‌ട്രിക് വാഹനങ്ങൾ, ഗ്രാമീണമേഖലയുടെ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുതകുന്നതാണ് ബജറ്റിലെ പ്രഖ്യാപനമെന്നും വാഹനവിപണിക്കും അത് നേട്ടമാകുമെന്നും ഹീറോ മോട്ടോകോർപ് ചെയർമാൻ പവൻ മുഞ്ജലും പ്രതികരിച്ചു.
Content Highlights: Income Tax Changes, New Tax Regime Impact
Published: 03 Feb 2025, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented