ന്യൂഡല്‍ഹി: ഓപ്പറേഷന്‍ മഹാദേവിന്റെ വിജയത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാമിലെ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ മൂന്ന് ഭീകരരെ വധിച്ച സൈന്യത്തിന്റെ ആക്രമണത്തെക്കുറിച്ച് ചൊവ്വാഴ്ചയാണ് അമിത് ഷാ ലോക്‌സഭയെ അറിയിച്ചത്. രാജ്യസുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ കൃത്യമായി വെളിവാക്കുന്നതായിരുന്നു ഷായുടെ പ്രസംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

To advertise here,

ഭീകരവാദികളുടെ ഭീഷണികളെ നിര്‍വീര്യമാക്കുന്നതിലും ദേശീയ സുരക്ഷയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിലും ഓപ്പറേഷന്‍ മഹാദേവും ഓപ്പറേഷന്‍ സിന്ദൂറും നിര്‍ണായക പങ്ക് വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. 

''ലോക്സഭയിലെ ഇന്ന് വളരെ ശ്രദ്ധേയമായ ഒരു പ്രസംഗമാണ് ആഭ്യന്ത്രമന്ത്രി അമിത് ഷാ നടത്തിയത്. ഭീരുക്കളായ ഭീകരരെ ഇല്ലാതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നിവയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിശദമായി പ്രതിപാദിച്ചു. നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ വിശദമാക്കി,'' പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു.

ജമ്മു കശ്മീരില്‍ തിങ്കളാഴ്ച നടത്തിയ ഓപ്പറേഷന്‍ മഹാദേവില്‍, പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കര്‍ കമാന്‍ഡര്‍ സുലൈമാന്‍ ഷാ, അഫ്ഗാന്‍, ജിബ്രാന്‍ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും സൈന്യം അടച്ചിരുന്നതായി ആഭ്യന്തരമന്ത്രി തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

'പഹല്‍ഗാമില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, ഭീകരര്‍ക്ക് രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സുരക്ഷാ സേന സൂക്ഷ്മമായ ആസൂത്രണം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ ചേര്‍ന്നുള്ള ഒരു സംയുക്ത നീക്കമായിരുന്നു ഈ ഓപ്പറേഷന്‍,' ഷാ പറഞ്ഞു. 

ഭീകരരില്‍ നിന്ന് കണ്ടെടുത്ത ഒരു എം9 കാര്‍ബൈന്‍, രണ്ട് എകെ-47 എന്നീ ആയുധങ്ങള്‍ പഹല്‍ഗാമിലെ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചവ തന്നെയാണെന്ന് ചണ്ഡീഗഢിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ബാലിസ്റ്റിക് പരിശോധനകള്‍ സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി. മെയ് 22-ന് ദാച്ചിഗാം മേഖലയില്‍ ഭീകരരുടെ താവളം കൃത്യമായി കണ്ടെത്തിയ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളാണ് ഓപ്പറേഷന്‍ മഹാദേവിന്റെ വിജയത്തിന് കാരണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 

'ഐബിയും സൈനികരും അള്‍ട്രാ സിസ്റ്റത്തിന്റെ (ചൈനീസ് എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം) സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ തുടര്‍ച്ചയായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍, ജൂലായ് 22-ന് സെന്‍സറുകള്‍ അവരുടെ കൃത്യമായ സ്ഥാനം കണ്ടെത്തി. തുടര്‍ന്ന് ആര്‍മിയുടെ പ്രത്യേക ദൗത്യസേനയായ പാരാ വിഭാഗം, ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ കൈകോര്‍ത്ത് ഓപ്പറേഷന്‍ ആരംഭിച്ചു. ഒടുവില്‍ ഇന്നലെ, തിങ്കളാഴ്ച നമ്മള്‍ ഭീകരരെ വധിച്ചു,'' ഷാ പ്രസംഗത്തില്‍ പറഞ്ഞു.

ഓപ്പറേഷന്റെ കൃത്യതയെക്കുറിച്ച് എടുത്തുപറഞ്ഞ ഷാ, പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം ഭീകരര്‍ക്ക് അഭയം നല്‍കി എന്ന് കണ്ടെത്തിയ പര്‍വേസ് ജോതര്‍, ബഷീര്‍ ജോതര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട ഭീകരര്‍ ആരെക്കെയെന്ന് തിരിച്ചറിയാനായി ഉപയോഗിച്ചതെന്നും വെളിപ്പെടുത്തി. 'ആ ഭീകരരുടെ മുഖം കണ്ടിട്ടുള്ള ആളുകളെ തന്നെയാണ് അവരെ തിരിച്ചറിയാനായി നമ്മൾ നിയോഗിച്ചത്. അവര്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ഏപ്രില്‍ 22-ന് ബൈസരന്‍ താഴ്വരയില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ വെടിവെച്ചത് ഈ ഭീകരര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു,' ഷാ പറഞ്ഞു.