ചെന്നൈ: നാമക്കലില്‍ മുട്ടവില വീണ്ടും ഉയര്‍ന്നു. ഒരു മുട്ടയ്ക്ക് തിങ്കളാഴ്ച 6.25 രൂപയാണ് വില. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് ദേശീയ എഗ് കോഡിനേഷന്‍ കമ്മിറ്റി (എന്‍ഇസിസി) അറിയിച്ചു.

To advertise here,

നവംബര്‍ 21-ന് മുട്ടയുടെ വില 6.10 രൂപയായി ഉയര്‍ന്നിരുന്നു. ഡിസംബര്‍ 12 വരെ ഇതു തുടര്‍ന്നു. 13 മുതല്‍ വീണ്ടും 6.15 രൂപയായും 14-ന് 6.20 രൂപയായും ഉയര്‍ന്നു.

ഡിസംബര്‍ 15-ന് വീണ്ടും അഞ്ചുപൈസകൂടി വര്‍ധിച്ച് 6.25 രൂപയിലെത്തി. ഇതോടെ ചില്ലറവിപണിയില്‍ മുട്ടയുടെ വില 7.50 രൂപ കടന്നു. ശൈത്യകാലമായതിനാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കുമുന്നോടിയായി ഉപഭോഗംകൂടിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് എന്‍ഇസിസി വൃത്തങ്ങള്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനകാലം ആരംഭിച്ചിട്ടുപോലും മുട്ടയുടെ ആവശ്യകതയില്‍ വലിയതോതില്‍ കുറവുണ്ടായിട്ടില്ല.

സാധാരണമായി ശബരിമല സീസണില്‍ തമിഴ്‌നാട്ടിലും കേരളത്തിലും മുട്ടയുടെ ആവശ്യകത കുറയാറുണ്ട്. നിലവിലുള്ള വിപണിസാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മുട്ടയുടെ വില പൊങ്കല്‍ ഉത്സവം വരെയെങ്കിലും തുടരാനാണ് സാധ്യതയെന്നും എന്‍ഇസിസി വൃത്തങ്ങള്‍ സൂചന നല്‍കി. നാമക്കലില്‍ ആയിരത്തിലധികം കോഴിഫാമുകളിലായി പ്രതിദിനം ആറുകോടിയിലധികം മുട്ട ഉത്പാദിപ്പിക്കുന്നുണ്ട്.