മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ ആളെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. ഇയാൾ ബന്ദികളാക്കിയ 17 കുട്ടികളെ പോലീസ് മോചിപ്പിച്ചു. മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിൽ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ തടവിലാക്കിയത്. കമാൻഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പോലീസ് കീഴ്പ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു രോഹിത് ആര്യ കുട്ടികളെ തടവിലാക്കിയത്. മുംബൈയിലെ പൊവായിയിലുള്ള ആർ.എ. സ്റ്റുഡിയോയിൽ ഒഡീഷന് എത്തിയതായിരുന്നു കുട്ടികൾ. 17 കുട്ടികളേയാണ് തടവിലാക്കിയത്. തുടർന്ന് ഇയാൾ വീഡിയോ സന്ദേശത്തിൽ കുട്ടികളെ ബന്ദികളാക്കിയ കാര്യം അറിയിക്കുകയായിരുന്നു.
തുടർന്ന് അതിനാടകീയ നീക്കത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് ഇയാൾ മരിച്ചതായാണ് റിപ്പോർട്ട്.
താൻ ജീവിച്ചിരിക്കുകയാണെങ്കിൽ കുട്ടികളെ താൻതന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.
കുട്ടികൾക്ക് ഒന്നും സംഭവിക്കില്ലെന്നും അവരെ മോചിപ്പിക്കുമെന്നും ഇയാൾ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ ആരോടാണ് സംസാരിക്കേണ്ടത്, എന്താണ് സംസാരിക്കേണ്ടത് എന്ന കാര്യങ്ങളൊന്നും തന്നെ വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് തോക്കും ചില രാസപദാർത്ഥങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Content Highlights: Mumbai Police Rescue Odisha Children Held Hostage at Film Studio
Published: 30 Oct 2025, 05:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented