കാക്കനാട്: ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ മകന് കാർ ഓടിക്കാൻ നൽകിയിട്ടില്ലെന്നും തന്റെ അറിവോടെയല്ല മകൻ വാഹനം കൊണ്ടുപോയതെന്നും ചൂണ്ടിക്കാട്ടി കാർ ഉടമയായ അഡീഷനൽ സെഷൻസ് ജഡ്ജി മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകി.

To advertise here,

അപകടത്തിൽ ഉൾപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) സസ്പെൻഡ് ചെയ്യാതിരിക്കണമെന്നാവശ്യപ്പെട്ടാണ് ജഡ്ജി വിശദീകരണം സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചതിന് കാർ ഉടമയുടെ പേരിൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആർ.സി. സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ആർ.ടി.ഒ. നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ വാദം നിയമപരമായി നിലനിൽക്കുന്നതാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി സമാനകേസുകളിൽ മുൻകാലങ്ങളിൽ സ്വീകരിച്ച നടപടിക്രമങ്ങളുടെ പകർപ്പുകളും വിശദീകരണത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ജഡ്ജിയുടെ വിശദീകരണവും അനുബന്ധ രേഖകളും നിയമോപദേശത്തിനായി അയച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് കേസിനാസ്പദമായ അപകടം. അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനായ പ്ലസ് വൺ വിദ്യാർഥി (17) അമിതവേഗത്തിൽ ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ചാണ് തട്ടുകട ഉടമ ജയബാലകൃഷ്ണൻ (55) മരിച്ചത്.