മൂന്നാർ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന മറുനാടൻ തൊഴിലാളിയെ അറസ്റ്റുചെയ്തു. അസം ഡപോറ നാഗോൺ സ്വദേശിനിയായ കവിതാ ബോറ(24)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഝാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ (30) പോലീസ് പിടിയിലായി. സംശയത്തിന്റെപേരിൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാൾ കവിതയോട് കലഹിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
കെ.ഡി.എച്ച്.പി. കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ തൊഴിലാളികളായിരുന്നു ഇരുവരും. എസ്റ്റേറ്റിൽ ബന്ധുക്കളോടൊപ്പം കഴിഞ്ഞുവന്നിരുന്ന ഇവർ കഴിഞ്ഞ ബുധനാഴ്ച രാത്രി മൂന്നാർ ടൗണിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചു. അടുത്തിടെ തന്റെ സഹോദരനോടൊപ്പം കവിത മുംബൈയിൽ പോയിരുന്നു. മടങ്ങിവന്നശേഷം ഇത് ചോദ്യംചെയ്ത് ജെഗേശ്വർ ഭാര്യയോട് വഴക്കിട്ടു. റിസോർട്ട് മുറിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. ഇതിനിടെ ജെഗേശ്വർ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. തുടർന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി. റിസോർട്ട് മുറിയിൽ കവിത വിഷംകഴിച്ചു എന്നാണ് സുഹൃത്തിനോട് പറഞ്ഞത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കവിതയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെയും, വിഷം കഴിച്ചതായാണ് അറിയിച്ചത്.
എന്നാൽ, പരിശോധിച്ചപ്പോൾ വിഷം കഴിച്ചതിന്റെ ലക്ഷണം കണ്ടെത്താനായില്ല. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളുണ്ടായിരുന്നു. ഡോക്ടർമാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ മൂന്നാർ പോലീസിൽ അറിയിച്ചു. ആശുപത്രിയിലെത്തിയ പോലീസ് ജെഗേശ്വറിനോട് സംസാരിക്കുന്നതിനിടയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചു. രണ്ടുവർഷംമുൻപാണ് ഇരുവരും വിവാഹിതരായത്.
Content Highlights: Migrant worker arrested for murdering his wife in Munnar, Accused Jageshwar Kumar confessed to strangling 24-year-old Kavita Bora, Murder triggered by suspicion regarding her recent trip to Mumbai, Police caught the accused after doctors grew suspicious of the body's injury marks
Published: 22 Nov 2026, 07:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented